amayannoor-murder
കോട്ടയം അയർക്കുന്നം ഒറവക്കൽ ഇഷ്ടികക്കളത്തിനുള്ളിലെ വാഴത്തോട്ടത്തിൽ കൊന്ന് കുഴിച്ചിട്ട പെൺകുട്ടിയുടെ മൃതദേഹം കാട്ടിക്കൊടുക്കുവാൻ പൊലീസിനെ കൂട്ടിക്കൊണ്ട് പോകുന്ന പ്രതി അജേഷ്

കോട്ടയം: അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷവും രണ്ടു ദിവസത്തോളം തന്റെ താമസസ്ഥലത്ത് തന്നെ പ്രതി ഒന്നും അറിയാത്ത മട്ടിൽ നടന്നു. വെള്ളിയാഴ്ച വൈകിട്ട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തപ്പോൾ മാത്രമാണ് ആ ലയത്തിൽ തന്നെ കുടുംബത്തോടെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പോലും സംഭവം അറിഞ്ഞത്.


വ്യാഴാഴ്ച അജേഷിനെ കാണാൻ പെൺകുട്ടി മുറിയിൽ എത്തിയിരുന്നതായി ഇതര സംസ്ഥാന തൊഴിലാളികൾ പറയുന്നു. ഇഷ്‌ടികക്കളത്തിനോട് ചേർന്നാണ് അജേഷിന്റെ മുറി. ഇതിനു തൊട്ടു ചേർന്നു തന്നെ മുപ്പതോളം ഇതരസംസ്ഥാന തൊഴിലാളികൾ കുടുംബമായി താമസിക്കുന്നുണ്ട്. ഇഷ്‌ടിക നിർമ്മിക്കുന്നതിനുള്ള യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ മുറിയ്‌ക്കുള്ളിൽ എന്ത് ബഹളമുണ്ടായാലും പുറത്ത് അറിയില്ല. ഏതു സമയത്തും മദ്യലഹരിയിലായിരുന്ന പ്രതി നാട്ടിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നതായി പൊലീസ് പറയുന്നു.

മൃതദേഹം വാഴത്തോട്ടത്തിൽ കണ്ടെത്തിയത് അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാരാണ് തടിച്ചു കൂടിയത്. തെളിവെടുപ്പിനു ശേഷം ജീപ്പിൽ കയറ്റാനായി കൊണ്ടു വന്ന പ്രതിക്കു നേരെ നാട്ടുകാർ അസഭ്യ വർഷം നടത്തി.

മൃതദേഹം കുഴിച്ചിട്ടത് ഒറ്റയ്ക്കോ

കൊലപാതകം നടത്തിയതായി പൊലീസ് പറയുന്ന മുറിയിൽ നിന്ന് നൂറ് മീറ്ററെങ്കിലും ദൂരെയായാണ് മൃതദേഹം കുഴിച്ചിട്ട വാഴത്തോപ്പ്. മൃതദേഹം ഒളിപ്പിക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്‌ക്ക് ഒരു പെൺകുട്ടിയുടെ മൃതദേഹം ഇത്രയും ദൂരം കൊണ്ടു പോകാൻ മദ്യലഹരിയിലായിരുന്ന അജേഷിനു സാധിക്കുമോ എന്നാണ് സംശയിക്കുന്നത്. ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, സി.ഐമാരായ എ.ജെ തോമസ്, യു.ശ്രീജിത്ത്, ടി.ആർ ജിജു, മണർകാട് എസ്.ഐ ജി.വിനോദ്, അയർക്കുന്നം എസ്.ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കോട്ടയത്ത് പതിനഞ്ചുകാരിയെ ക്രൂരമായി കൊന്നത് അച്ഛന്റെ സുഹൃത്ത്, ക്രൂരമായി പീഡിപ്പിക്കുമെന്ന് ആദ്യ ഭാര്യയുടെയും പരാതി. ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

പിതാവിന്റെ സുഹൃത്ത്: സ്ഥിരം മദ്യപാനം

പിതാവിനെ കാണാൻ പ്രതിയായ അജേഷ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. ഇങ്ങനെയാണ് സൗഹൃദം സ്ഥാപിച്ചത്. ഇരുവരും ഫോൺ ചെയ്യാറുമുണ്ടായിരുന്നു. അജേഷ് ആദ്യം മണർകാട് സ്വദേശിയായ യുവതിയെയാണ് വിവാഹം കഴിച്ചത്. ഇവരിൽ രണ്ട് മക്കളുണ്ട്. ആദ്യഭാര്യയെ ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം ചെയ്‌തു. ആറു മാസം മുൻപ് അവരെയും ഉപേക്ഷിച്ചു.

ആദ്യ ഭാര്യയെ ആക്രമിച്ച കേസിലും പ്രതിയാണ്.ക്രൂരമായി പീഡിപ്പിക്കുന്നതായും, ലൈംഗിക വൈകൃതത്തിനു നിർബന്ധിക്കുന്നതായുമായിരുന്നു ആദ്യഭാര്യയുടെ പരാതി. അന്ന് പൊലീസ് അജേഷിനെ താക്കീത് ചെയ്‌ത് വിടുകയായിരുന്നു.