തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 1991ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിയമപ്രകാരമല്ലെന്നും അതിനാലാണ് ആ വിധി സുപ്രീം കോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം വിശ്വാസികൾക്കെതിരാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്‌ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം നടന്നുകൊണ്ടേയിരിക്കുകയാണ്. സ്ത്രീപുരുഷ സമത്വം അംഗീകരിക്കാനും യോജിക്കാനും കഴിയാത്തവരാണ് നാട്ടിൽ പ്രശ്നുമുണ്ടാക്കുന്നത്. സുപ്രീം കോടതിക്കെതിരെ ഒന്നും ചെയ്യാൻ സാധിക്കാത്തതിനെ തുടർന്നാണ് സർക്കാരിനെതിരെ തിരിഞ്ഞത്. ശബരിമലയിൽ പ്രക്ഷോഭം സംഘടിപ്പിച്ചത് ജാതിമേധാവിത്തമുള്ളവരാണ്- മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികൾക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോദ്ധ്യമുണ്ട്. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിയ സമരം പൂർണ പരാജയമാണ്. അത് അവർ തന്നെ സമ്മതിച്ചു. വിശ്വാസികൾക്കെതിരെ സി.പി.എം ഒരു നിലപാട് എടുത്തിട്ടില്ല. വിശ്വാസികൾക്കെതിരെ സർക്കാർ നിലപാടെടുത്തു എന്ന് ബി.ജെ.പി പ്രചരിപ്പിച്ചു. സി.പി.എമ്മിനോടൊപ്പം നിൽക്കുന്നത് വിശ്വാസികളാണ്. സി.പി.എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.