hd-kumarswami

ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടരുന്നതിനിടെ 48 മണിക്കൂറിനകം ബി.ജെ.പി എം.എൽ.എമാരെ മുഴുവൻ മറുകണ്ടം ചാടിക്കുമെന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി രംഗത്തെത്തി. കർണാടകയിൽ യാതൊരു പ്രശ്‌നവുമില്ല. 48 മണിക്കൂറിനകം ബി.ജെ.പി എം.എൽ.എമാരെ പുറത്തെത്തിക്കാൻ തനിക്ക് കഴിയുമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിലെ സഖ്യസർക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി നിരന്തരം ശ്രമിക്കുന്നത്. എന്നാൽ സർക്കാരിന് എല്ലാ എം.എൽ.എമാരുടെയും പിന്തുണയുണ്ട്. എപ്പോൾ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ഭാഗമായ ചില കോൺഗ്രസ് എം.എൽ.എമാരും സ്വതന്ത്രരും പിന്തുണ പിൻവലിച്ച് മുംബയിലേക്ക് നീങ്ങിയതോടെയാണ് കർണാടകയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഇതിന് പിന്നാലെ ബി.ജെ.പി തങ്ങളുടെ എല്ലാ അംഗങ്ങളെയും ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ കളമറിഞ്ഞ് കളിച്ച കോൺഗ്രസിന് തങ്ങളുടെ ചില എം.എൽ.എമാരെ തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞു.

അതേസമയം, കർണാടകയിലെ അഗ്‌നിപർവതം ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്നായിരുന്നു ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്.യെദിയൂരപ്പയുടെ പ്രതികരണം. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് രമേഷ് ജർകിഹോലി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നീ എം.എൽ.എമാർ വിട്ടുനിന്നതിനു പിന്നാലെയാണ് യെദിയൂരപ്പയുടെ പരാമർശം. വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ എം.എൽ.എമാർക്ക് കത്ത് നൽകുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ബി.ജെ.പിയുടെ ഓപ്പറേഷൻ താമരയ്‌ക്കെതിരെയുള്ള കോൺഗ്രസ്-ജനതാദൾ സഖ്യസർക്കാരിന്റെ ശക്തി തെളിയിക്കൽ എന്നു വിശേഷിപ്പിക്കപ്പെട്ട യോഗത്തിലാണ് കോൺഗ്രസ് എം.എൽ.എമാർ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് എം.എൽ.എമാരുടെ അതൃപ്തിയും അമർഷവുമാണ് അവരുടെ അസാന്നിദ്ധ്യത്തിലൂടെ വ്യക്തമായതെന്നും യെദിയൂരപ്പ പറഞ്ഞു.