modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് മുഖേനെ ലേലം ചെയ്യും. മോദിക്ക് ലഭിച്ച സമ്മാനങ്ങളായ തലപ്പാവുകൾ, ഷാളുകൾ, ചിത്രങ്ങൾ, പ്രതിമകൾ തുടങ്ങിയ 1800-ലേറെ സമ്മാനങ്ങളാണ് ലേലത്തലുണ്ടാവുക. പൊതുജനങ്ങൾക്ക് ഇവ ലേലത്തിലൂടെ സ്വന്തമാക്കാം.

ലേലത്തിൽ നിന്ന് ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. മൂന്നുദിവസത്തെ ഓൺലൈൻ വിൽപനയ്‌ക്ക്‌ ശേഷം ബാക്കിവരുന്ന ഉൽപന്നങ്ങളാകും ഡൽഹിയിലെ ലേലത്തിലുണ്ടാവുക. മിക്കവയ്‌ക്കും 500 രൂപയായിരിക്കും അടിസ്ഥാനവില. അടുത്ത 10-15 ദിവസങ്ങൾക്കുള്ളിൽ ലേലം നടക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ഗംഗാ നദിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മനീഷ് ശർമ്മ പറഞ്ഞു.

മോദിക്ക് ലഭിച്ച സമ്മാനങ്ങളും, ഉപഹാരങ്ങളും നേരത്തെ ഡൽഹിയിലെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിന് വച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവയെല്ലാം ലേലം ചെയ്യാൻ തീരുമാനമെടുത്തത്. മുമ്പ് റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥിയായെത്തിയ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയെ സ്വീകരിക്കാനെത്തിയപ്പോൾ മോദി ധരിച്ചിരുന്ന കോട്ടും ലേലം ചെയ്‌തിരുന്നു.

കോട്ടിലുടനീളം നരേന്ദ്ര മോദിയുടെ പേര് എഴുതിച്ചേർത്തിരുന്നു. ഇതു പിന്നീട് വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. 2015 ഫെബ്രുവരിയിൽ ലേലം ചെയ്‌ത ഈ കോട്ട് ഗുജറാത്ത് വ്യവസായി 4.31 കോടി രൂപയ്‌ക്ക് സ്വന്തമാക്കി. ലേലത്തിൽ ലഭിച്ച തുക ‘നരേന്ദ്ര ദാമോദർദാസ് മോദി’ പദ്ധതിക്കായി പ്രധാനമന്ത്രി നൽകിയിരുന്നു.