കൊൽക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി. ജെ. പിക്കും വെല്ലുവിളിയായി വിശാലപ്രതിപക്ഷ ഐക്യം ഉരുത്തിരിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷറാലി ജനലക്ഷങ്ങൾ പങ്കെടുത്ത കൂറ്റൻ ശക്തിപ്രകടനമായി. മഹാറാലി ഗംഭീരമായതോടെ ബംഗാളിൽ മാത്രമല്ല രാജ്യത്താകെ ബി.ജെ.പിക്ക് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തിയ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘ്‌നൻ സിൻഹ, അരുൺ ഷൂരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാൾ, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡി.എം.കെ പ്രസിഡന്റ് എം കെ സ്റ്റാലിൻ തുടങ്ങിയവർ മമതയ്ക്കൊപ്പം വേദിയിൽ അണിനിരന്നു. മുൻനിര നേതാക്കൾ മമതയുടെ മഹാറാലിയിൽ പങ്കെടുത്തതോടെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളുകയാണ്.
എന്നാൽ രണ്ടും കൽപ്പിച്ച് മമതയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കളെ ഉൾപ്പെടുത്തി പൊതുയോഗങ്ങൾ നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. ഫെബ്രുവരി 8നുള്ളിൽ എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ നേരിട്ടെത്തി പ്രവർത്തകരും പൊതുജനങ്ങളുമായി സംവദിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം നൽകുന്ന വിവരം.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്ന റാലികളോടെയാണ് ഇതിന് തുടക്കം കുറിക്കുക. ജനിവരി 22നും 24നും ഇടയിൽ അമിത് ഷാ അഞ്ചോളം റാലികളിൽ പങ്കെടുക്കും. ജനുവരി 28, 31 ഫെബ്രുവരി എട്ട് എന്നീ തീയതികളിൽ പ്രധാനമന്ത്രി ബംഗാളിലെത്തും. ഫെബ്രുവരി എട്ടിന് നടക്കുന്ന സമാപന റാലിയിൽ മമതാ ബാനർജിയുടെ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കുന്നത്.