വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ മൂന്ന് വർഷക്കാലം സംരക്ഷിക്കാമെന്നും പകരം മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാനുള്ള ഫണ്ടിലേക്ക് 5.7 ബില്യൺ ഡോളർ നൽകണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. യു.എസ്-മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാൻ തയ്യാറായാൽ രാജ്യത്ത് നിലനിൽക്കുന്ന ഭാഗികഭരണ സ്‌തംഭനം ഒഴിവാക്കാനാവും എന്നാണ് ട്രംപിന്റെ വിലയിരുത്തൽ.
യു.എസ് എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണെന്നും അതിർത്തി മുഴുവൻ മതിൽ കെട്ടാനല്ല, സുരക്ഷ ഉറപ്പാക്കാൻ വേണ്ടി സുരക്ഷിതമല്ലാത്ത ഭാഗത്ത് മാത്രം സ്റ്റീൽ കൊണ്ടുള്ള മതിൽ കെട്ടാനാണ് തിരുമാനമെന്നും ട്രംപ് പറഞ്ഞു. ഇതിന് 5.7 ബില്ല്യൻ ഡോളർ ആവശ്യമാണ്. ഏഴ് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് യു.എസിൽ ഉള്ളത്. ഇവർക്ക് പൗരത്യം ഇല്ലെങ്കിലും യു.എസിൽ ജോലി ചെയ്യാമെന്നും നാട് കടത്താൻ കഴിയില്ലെന്നുമാണ് വ്യവസ്ഥ.
എന്നാൽ, ഇത് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാം എന്നതാണ് ട്രംപിന്റെ പുതിയ വ്യവസ്ഥ. അതേസമയം, ദിവസേന ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോ വഴി അമേരിക്കയിലെത്തുന്നത്. ഇമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തി അഭയാർത്ഥികളെ ചെറുത്തു നിൽക്കാൻ മതിൽ നിർമിക്കുമെന്ന ട്രംപിന്റെ പ്രസ്‌താവന നിലനിൽക്കെ അമേരിക്കയിലേക്കുള്ള അഭയാർത്ഥി പ്രവാഹം തുടരുകയാണ്.
എന്നാൽ, ട്രംപിന്റെ നയത്തിൽ നിന്നും വിരുദ്ധമായ നിലപാടാണ് മെക്‌സിക്കൻ പ്രസിഡന്റ് ആന്റേഴ്സ് മാനുവൽ ലോപിന്റേത്. അഭയാർത്ഥികളോട് മനുഷ്യത്വപരമായി ഇടപെടണമെന്നും മതിൽ നിർമാണത്തിന് പകരം അഭയാർത്ഥികൾക്കും ജോലി നൽകുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുവരണമെന്നും ആന്റേഴ്സ് പറയുന്നു.