ജീവിതത്തിൽ കണക്കുള്ളതിനേക്കാൾ കണക്കില്ലായ്മകളാണു അധികമായിട്ടുള്ളത്. എന്നാൽ ഒരു ശരാശരി മനുഷ്യൻ ഓർത്തുവയ്ക്കുന്നത് എപ്പോഴും കണക്കുള്ള കാര്യങ്ങൾ മാത്രമാണ്. ഈ ജീവിതത്തിൽ ഞാൻ ഇത്രകാലം കൊണ്ട് എത്ര സമ്പാദ്യമുണ്ടാക്കി, ഏതെല്ലാം വിദ്യാഭ്യാസയോഗ്യത നേടി, എന്തെല്ലാം സ്ഥാനമാനങ്ങൾ വഹിച്ചു, എത്രയെല്ലാം തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചു, ഇതിനകം നഷ്ടപ്പെട്ടത് എന്തെല്ലാമാണ്, വന്നുപോയ വ്യാധികൾ എന്തെല്ലാമാണ്, തുടങ്ങിയുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായി കണക്കു സൂക്ഷിക്കുകയും പറയുകയും ചെയ്യുന്നവരാണ് അധികമാളുകളും. എന്നാൽ ഒരു ദിവസത്തെപ്പോലും കാഴ്ചകളും കേൾവികളും ഓർമ്മകളും ചിന്തകളും ചലനങ്ങളും പൂർണമായും മറയില്ലാതെ ഓർക്കാനും പറയാനും ആർക്കും കഴിയുകയില്ല. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശ്വാസനിശ്വാസങ്ങളുടെ കാര്യമാണ്. ഞാൻ ഇന്നു എത്ര ദീർഘശ്വാസമെടുത്തു, എത്ര ദീർഘനിശ്വാസമുതിർത്തു, എത്ര സാധാരണ ശ്വാസമെടുത്തു എന്ന കണക്ക് ആരും അറിയാറുകൂടിയില്ല. ശരീരത്തിന്റെയും ജീവിതത്തിന്റെയും നിലനില്പ്പിനാവശ്യമായ പ്രാണവായുവിനെ എടുക്കുകയും വിടുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഈ കണക്ക് ആരാണു ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യാറുള്ളത്?
വേണമെങ്കിൽ ഒരു ദിവസം സാധാരണ ആരോഗ്യനിലയിലുള്ള ഒരാൾ 28000 ഓളം തവണ ശ്വാസമെടുക്കുകയും വിടുകയും ചെയ്യുന്നുവെന്നു നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പറയാമെങ്കിലും ആരുമത് ശ്രദ്ധിക്കാറു പോലുമില്ല. കാരണം അതിന്റെ കണക്കുകൊണ്ട് നേട്ടങ്ങളൊന്നും ഉണ്ടാക്കാനില്ല. മറ്റൊന്ന് ഈ കണക്കില്ലായ്മകളിലൂടെയാണ് നമ്മുടെ ജീവിതത്തിന്റെ തുടർച്ച സംഭവിക്കുന്നതെന്നത് ആരും ഓർക്കാറുമില്ല. ഈ തുടർച്ചയുടെ നിത്യതയിലേക്കുള്ള ശ്രദ്ധാപൂർവമായ നിരീക്ഷണമാണ് വാസ്തവത്തിൽ ധ്യാനമെന്നു പറയുന്നത്.
ജീവിതത്തിൽ എന്തിനെല്ലാമാണോ കണക്കുള്ളത്, അല്ലെങ്കിൽ എന്തിനെല്ലാമാണോ കണക്കെടുപ്പിന്റെ പട്ടികയിൽ സ്ഥാനമുണ്ടാകാറുള്ളത്, അത്തരം കാര്യങ്ങളുടെ സമ്പർക്കമാണ് ജീവിതത്തിന്റെ കരുത്തും കാതലുമെന്ന് പലരും ധരിച്ചുവച്ചിരിക്കുകയാണ്. ഒന്നോർത്തു നോക്കിയാൽ, അല്ലെങ്കിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒന്നു തിരിഞ്ഞു നോക്കിയാൽ ഈ കണക്കെടുപ്പിലുള്ളതെല്ലാം നാളത്തെ കണക്കിൽ നിന്നും ചോർന്നു പോകുവാനിടയുള്ളതാണെന്നു ബോദ്ധ്യപ്പെടും. അതിലുള്ളതൊന്നും അതുപോലെ സ്ഥിരമായി നിലനില്ക്കുന്നതല്ലെന്നു ചുരുക്കം. സ്ഥിതിഭേദങ്ങളുടെ ഈ മാറിമറിയലുകളാണ് വ്യാകുലതകളും ആശങ്കകളും സുഖദുഃഖസമ്മിശ്രമായ ക്ഷണികാനുഭവങ്ങളുമൊക്കെയായി തള്ളിവരുന്ന തിരകൾപോലെ ജീവിതത്തെ സമ്മർദ്ദപ്പെടുത്തുന്നതും ദുർബലപ്പെടുത്തുന്നതും. ഈ വാസ്തവം യഥാർത്ഥത്തിൽ നമ്മൾ അറിയാതെ പോവുകയാണ്.
കണക്കുകൊണ്ടാണ് ഇന്നത്തെ ലോകത്ത് നമ്മൾ എല്ലാം ഗണിക്കുന്നത്. വരാനിരിക്കുന്ന കാലാവസ്ഥയുടെ വ്യതിയാനങ്ങളും സൂര്യചന്ദ്രന്മാരുടെ ഗ്രഹണവും അതിന്റെ ദൈർഘ്യം വരെയും ശാസ്ത്രം പറയുന്നത് കണക്കിന്റെ അടിസ്ഥാനത്തിലാണ്. ജീവിതത്തിന്റെ നിലയും നിലവാരവും വരെ അങ്ങനെ കണക്കിനു അധീനമായിത്തീർന്നിരിക്കുകയാണ്. പക്ഷേ മനുഷ്യന്റെ ഈ കണക്കിനു കണ്ടെത്താനാവാത്ത ഒരു 'കണക്കില്ലായ്മ"യുണ്ട്. അത് ഈ ജഗത്തിന്റെ പ്രാണനം നിർവഹിച്ചുകൊണ്ടിരിക്കുന്ന സാക്ഷാൽ ജഗദീശ്വരന്റെ അധീനതയിലുള്ളതാണ്. ഈ കണക്കില്ലായ്മയിൽ നിന്നാണ് കണക്കു പറയുന്ന മനുഷ്യന്റെ വംശാരംഭവും തുടർച്ചയുമെല്ലാം ഉണ്ടായിട്ടുള്ളത്. അതറിയാതെയോ അത് ബോധപൂർവം വിസ്മരിക്കുകയോ ചെയ്തിട്ടാണ് മനുഷ്യൻ ഏതു കാര്യത്തിലും ഇന്ന് കണക്കു പറഞ്ഞ് അഹങ്കരിക്കുന്നതെന്നത് നമ്മൾ ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് എന്നാണോ ഒരുവൻ ഈ കണക്കിന്റെ കളംവിട്ട് കണക്കില്ലായ്മയിലെ നിഷ്കളങ്കതയിലേക്കു പ്രവേശിക്കുന്നത് അന്നേ അവനു ശോകമൂകങ്ങളിൽ നിന്നും വിമുക്തി ഉണ്ടാവുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ സത്യസന്ധമായ നിരീക്ഷണവും ധ്യാനവുമാണു ഒരുവന്റെ ജീവിതത്തിനാവശ്യമായ കരുത്തും വെളിച്ചവും നല്കുന്നത്. ജ്വാലയിലെ ജ്വലനം എന്നതുപോലെയാണു ഇതു സംഭവിക്കേണ്ടത്. എന്നുപറഞ്ഞാൽ ജ്വാലയെന്നത് ധ്യാനവും ജ്വലനമെന്നത് നിരീക്ഷണവും.
ഈ ധ്യാനവും നിരീക്ഷണവും കൂടാതെ ഒരു ജീവിതവും ഉത്കൃഷ്ടനിലയിലെത്തുകയില്ല. എന്നും കണക്കു പറഞ്ഞും കണക്കു സൂക്ഷിച്ചും പിന്നീട് കണക്കിലുള്ളത് ഇല്ലാതായെന്നോർത്തു വിഷമിച്ചും വീണ്ടും കൂട്ടിച്ചേർത്ത് സന്തോഷിച്ചും ആസ്തിബാദ്ധ്യതകൾ കൊണ്ട് ജീവിതത്തെ അളക്കുകയും വ്യവഹരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് മനുഷ്യന് ഉത്കൃഷ്ടനിലയിലെത്താനാകാത്തത്. ധ്യാനവും നിരീക്ഷണവും ഒരു ശീലമാക്കിയാൽ ജീവിതത്തിന്റെ വ്യവഹാര കണക്കുപുസ്തകം മറഞ്ഞുപോവുകയും കണക്കില്ലായ്മയുടെ വേദപുസ്തകം തെളിഞ്ഞുവരികയും ചെയ്യും. ഇത് ശീലമാക്കുന്നതിനു ഒരു എളുപ്പമാർഗം പറയാം.
കുറച്ചുനേരം സ്വസ്ഥമായിരിക്കുക. ശ്വാസോച്ഛ്വാസഗതിയിൽ മാത്രം ശ്രദ്ധ അർപ്പിക്കുക. എന്നിട്ടു ഓരോ ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും ഞാനിപ്പോൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നു എന്നു ആവർത്തിച്ചാവർത്തിച്ചു ബോധ്യപ്പെടുക. ക്രമേണ ആ ബോധ്യപ്പെടൽ ധ്യാനത്തിലലിഞ്ഞ് ബോധത്തിലില്ലാതാകും. അപ്പോൾ നിങ്ങളുടെ ജീവിതത്തിലെ വ്യവഹാരത്തിന്റെ കണക്കുപുസ്തകം മായാൻ തുടങ്ങും. ഇതൊരു നിത്യസാധനയാക്കിയാൽ ശോകവും മൂകവുമുണ്ടാക്കുന്നതെല്ലാം ഒന്നൊന്നായൊഴിഞ്ഞൊഴിഞ്ഞു കണക്കില്ലായ്മയുടെ ഉൾക്കാഴ്ചയിൽ ശുദ്ധസ്വരൂപം തെളിഞ്ഞു അങ്കമില്ലാത്തവനായി മനുഷ്യൻ മാറും. സംശയമില്ല. ഈ സത്യമാണു ഈശാവാസ്യോപനിഷത്ത് ഭാഷയിൽ ഗുരുദേവൻ ഇപ്രകാരം വർണ്ണിച്ചിരിക്കുന്നത്.
'പങ്കമറ്റങ്കമില്ലാതെ പരിപാവനമായ് സദാ
മനസിൻ മനമായ് തന്നിൽ തനിയേ പ്രോല്ലസിച്ചിടും".