അടുക്കളയിൽ ഇന്ന് എന്തൊക്കെ വിഭവങ്ങളുണ്ടാക്കുമെന്നത് എല്ലാ വീട്ടമ്മമാരുടെയും ഉറക്കം കെടുത്തുന്ന ചിന്തകളിലൊന്നാണ്. ചില വിഭവങ്ങൾ പെട്ടെന്ന് ഉണ്ടാക്കാമെങ്കിൽ മറ്റ് ചിലതിന് ദിവസങ്ങളോളം തയ്യാറെടുപ്പുകളും ആവശ്യമാണ്. ഇനി കഷ്‌ടപ്പെട്ടുണ്ടാക്കിയാൽ ഇതെല്ലാം മറ്റുള്ളവർക്ക് ഇഷ്‌ടപ്പെടുമോ എന്ന ചിന്ത വേറെയും. എന്നാൽ വൈകുന്നേരങ്ങളിൽ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന എന്നാൽ വളരെ ഹെൽത്തിയായ ഒരു വിഭവമാണ് ഫ്രൂട്ട് ആന്റ് നട്ട് ബാർസ്. ഒരാഴ്‌ചയോളം കേടുകൂടാതെ സൂക്ഷിക്കാമെന്നതിനാൽ കുട്ടികൾക്കും മറ്റും ചെറുകടികളായി നൽകാനും കഴിയും.
ചേരുവകൾ
ബട്ടർ ...... 2 ടേ. സ്പൂൺ + 1 ടീ സ്പൂൺ
അവൽ...... ഒന്നര കപ്പ് (വറുത്തത്)
ബദാം ....... 1 കപ്പ്
അണ്ടിപ്പരിപ്പ് ......അര കപ്പ്
ഈന്തപ്പഴം .........1 കപ്പ്
ആപ്രിക്കോട്ട് ....അര കപ്പ്
പൊടിയായരിഞ്ഞത്
തേൻ ....... അര കപ്പ്
പീനട്ട് ബട്ടർ (ഉപ്പില്ലാത്ത)...... കാൽകപ്പ്
പഞ്ചസാര കരിച്ചത് ..... 2 ടേ.സ്പൂൺ
തയ്യാറാക്കുന്നവിധം
ഒരു ബ്രേക്കിംഗ് ട്രേയിൽ ഒരു അലുമിനീയം ഫോയ്ൽ ഇട്ട് വയ്ക്കുക. ഇതിൽ 1 ടീ സ്പൂൺ ബട്ടർ തടവി വയ്ക്കുക. ഒരു വലിയ ബൗളിൽ അവൽ, ബദാം, അണ്ടിപ്പരിപ്പ്, ആപ്രിക്കോട്ട്, ഈന്തപ്പഴം എന്നിവ എടുക്കുക. നന്നായിളക്കുക. ഒരുസോസ് പാനിൽ തേൻ പീനട്ട് ബട്ടറും പഞ്ചസാര കരിച്ചതും 2 ടേ.സ്പൂൺ ബട്ടറും ഉപ്പും എടുത്ത് മയമാകും വരെ അടുപ്പത്ത് വച്ച് ഇളക്കുക. ചെറുതീയിൽ വച്ച് 1 മിനിട്ട് തുടരെ ഇളക്കണം. ഉടനെ ഇത് ബൗളിലെ മിശ്രിതത്തിന് മീതെയായി പകരുക. ഒരു തടിത്തവകൊണ്ട് അമർത്തുക. മിശ്രിതം ഒരേപോലെ വ്യാപിക്കുമ്പോൾ നെയ്യ് തടവിയ വിരലുകൾകൊണ്ടിത് അമർത്തുക. അത് ഫ്രിഡ്ജിൽ 1 മണിക്കൂർ വച്ച് സെറ്റാകാൻ അനുവദിക്കുക. 20 ബാറുകൾ ആയുറപ്പിച്ച് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് (ഓരോ ബാറിനും ഇടക്കായി ഓരോ ഷീറ്റ് മെഴുക് കടലാസ് വച്ച്) ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു ആഴ്ച വരെയിത് കേടാകാതെ സൂക്ഷിക്കാം.