അഫ്ഗാനിസ്ഥാന് ഇന്ത്യ നൽകുന്ന സഹായത്തെ നിസാരവത്കരിച്ചു കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വിദേശകാര്യ നിരീക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ്. താലിബാനെതിരെ യുദ്ധം നയിക്കുന്ന അമേരിക്കയോടൊപ്പം ഇന്ത്യ അണിചേരാതിരുന്നതിന്റെ പരിഭവമായിരിക്കാം അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിക്കുന്നത്. 2011-ൽ സൈനിക ഇടപെടലിലൂടെ താലിബാനെ അഫ്ഗാൻ ഭരണത്തിൽ നിന്നും പുറത്താക്കിയപ്പോൾ തുടങ്ങിയ അമേരിക്കയുടെ സജീവ സൈനിക ഇടപെടൽ ഇപ്പോഴും തുടരുകയാണ്. ഇതിനോടകം മൂന്ന് ലക്ഷം കോടി ഡോളറിനു മുകളിൽ അഫ്ഗാൻ യുദ്ധത്തിനായി അമേരിക്ക ചെലവഴിച്ചു. നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. എന്നിട്ടും അഫ്ഗാൻ മണ്ണിൽ നിന്നും താലിബാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം ജലരേഖയായി നിൽക്കുകയാണ്. ഇന്നും 14000-ത്തിന് മേൽ അമേരിക്കൻ സൈനികർ അഫ്ഗാൻ സൈനികരോടൊപ്പം ആഭ്യന്തര യുദ്ധത്തിൽ പങ്കാളികളായി അവിടെയുണ്ട്. വിദേശരാജ്യങ്ങളിൽ നിയോഗിച്ചിട്ടുള്ള സൈനികരെ പിൻവലിച്ചുകൊണ്ട്, അതിനു വേണ്ടിവരുന്ന തുക 'അമേരിക്കയെ മഹത്തരമാക്കുക" എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാനായി ഉപയോഗിക്കുമെന്ന് അധികാരമേറ്റപ്പോൾ ട്രംപ് പറഞ്ഞിരുന്നു. വാഗ്ദാനം നിറവേറ്റുന്നതിനുള്ളതാണ് സിറിയയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും സൈനികരെ ഉടനടി പിൻവലിക്കുമെന്ന പ്രഖ്യാപനം. അഫ്ഗാന്റെ സുരക്ഷയ്ക്കായി ഇന്ത്യ ഇടപെടണമെന്ന് അമേരിക്ക ആഗ്രഹിച്ചിരുന്നു.ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടല്ലാതെ വിദേശരാജ്യങ്ങളിൽ സൈനിക ഇടപെടൽ ഇല്ല എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. അതിനാലാണ് അഫ്ഗാൻ യുദ്ധമുഖത്തേക്ക് ഇന്ത്യ സൈനികരെ അയയ്ക്കാതിരുന്നത്.
മണിയപ്പന്റെ രക്തസാക്ഷിത്വം
താലിബാൻ ഭരണത്തിന്റെ അന്ത്യത്തോടെയാണ് അഫ്ഗാനിസ്ഥാനുമായി നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന ഇന്ത്യയുടെ ബന്ധം വീണ്ടും സുദൃഢമാകുന്നത്. താലിബാൻ ഭരണകാലത്ത് അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക അടിത്തറ തകർന്ന് പോയിരുന്നു. രാജ്യത്തിന്റെ വികസനത്തിനുള്ള വിഭവങ്ങളെല്ലാം, ആയുധം വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. തകർന്നടിഞ്ഞ അഫ്ഗാൻ സമ്പദ് വ്യവസ്ഥിതി ഭദ്രമാക്കുന്നതിന് അഫ്ഗാൻ സർക്കാരുമായി ചേർന്നുള്ള സംയുക്ത പശ്ചാത്തല വികസനത്തിനാണ് ഇന്ത്യ ഊന്നൽ നൽകിയത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്ന് ഗതാഗതയോഗ്യമായ റോഡുകളുടെ അഭാവമാണ്. അഫ്ഗാനുമായുള്ള സഹകരണത്തിന് ഇന്ത്യ തുടക്കം കുറിച്ചത് ഹൈവേ നിർമ്മാണത്തിലൂടെയായിരുന്നു. ഹൈവേ വികസനത്തിന് ഇന്ത്യൻ ആർമിയുടെ ബോർഡർ റോഡ്സ് ഓർഗനൈസേഷനെയാണ് ഏല്പിച്ചത്. നിമ്റോസ് പ്രവശ്യയിലെ ദെലാറം- സാരംഗ് എന്നീ നഗരങ്ങളെ ബന്ധിച്ചു കൊണ്ടുള്ള ഹൈവേയാണ് ബി.ആർ.ഒ. ആദ്യം ഏറ്റെടുത്ത പ്രോജക്ടുകളിലൊന്ന്. ഇതിന്റെ നിർമ്മാണം പൂർത്തിയായതോടെ ഇറാനിലെ ഛാബഹാർ തുറമുഖത്തുനിന്നുമുള്ള ചരക്കുനീക്കത്തിന് ബദൽ മാഗമായി ഇതുമാറി. പാകിസ്ഥാനിൽ കൂടിയല്ലാതെ ഇന്ത്യയ്ക്ക് ചരക്ക് കൊണ്ടുപോകാനുള്ള പ്രധാന റോഡാണിത്. ഈ റോഡ് നിർമ്മാണ വേളയിലാണ് ബി.ആർ.ഒ ഉദ്യോഗസ്ഥനും മലയാളിയുമായ മണിയപ്പനെ 2005-ൽ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഇതിനു ശേഷമാണ് പ്രോജക്ടുകളുടെ സംരക്ഷണത്തിനായി ഇൻഡോ-തിബറ്റൻ ബോർഡർ പൊലീസിനെ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്.
പ്രസിഡന്റ് ഹമീദ് കർസായി 2005-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ ഗ്രാമവികസനം, വിദ്യാഭ്യാസം, സാംസ്കാരികം, വ്യാവസായികം എന്നീ രംഗങ്ങളിലെ സഹകരണത്തിനായി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി ഉടമ്പടികൾ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരാവശ്യങ്ങൾക്കായി 350 കോടി രൂപയുടെ ധനസഹായവും അന്ന് പ്രഖ്യാപിച്ചു. കാബൂളിലെ ഇന്ത്യൻ എംബസി 2008-ൽ തീവ്രവാദികൾ ആക്രമിച്ച് 58 പേരെ കൊലപ്പെടുത്തി . പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയാണ് ഈ ആക്രമണം നടത്തിയതെന്ന് അഫ്ഗാൻ സർക്കാർ തന്നെ വ്യക്തമാക്കി. 2009-ൽ വീണ്ടും ഇന്ത്യൻഎംബസി അക്രമിക്കപ്പെട്ടു. കാർ ബോംബ് സ്ഫോടനത്തിലൂടെ 17പേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളിലൂടെ ഇന്ത്യയെ പിന്തിരിപ്പിക്കാനാവുമെന്ന തീവ്രവാദികളുടെ കണക്കുകൂട്ടൽ അസ്ഥാനത്തായി. കൊളംബോയിൽ വച്ചുള്ള 15-ാം സാർക്ക് സമ്മേളനത്തിൽവച്ച് അഫ്ഗാനിസ്ഥാനുള്ള ധനസഹായം 5250 കോടി രൂപയായി ഇന്ത്യ വർദ്ധിപ്പിച്ചു. 2011-ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ്കാബുൾ സന്ദർശിച്ചപ്പോഴേക്കും ധനസഹായം14000 കോടി രൂപയായി ഉയർത്തി. പുറമേ അഫ്ഗാനിസ്ഥാനിലെ ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ഉപഭോഗത്തിനായി ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുകളും ഇന്ത്യ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. 2011-ൽ അഫ്ഗാൻ സർക്കാരിന്റെ ആവശ്യപ്രകാരം ഹെലിക്കോപ്ടർ ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾക്ക് പുറമേ സൈനികർക്ക് പരിശീലനവും ഇന്ത്യ ലഭ്യമാക്കി.
സഹകരണം വിദ്യാഭ്യാസ മേഖലയിലേക്കും
വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലും ഇന്ത്യാ-അഫ്ഗാൻ സൗഹൃദം ദൃഢമായി. അഫ്ഗാൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഉപരിപഠനത്തിന് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ഗ്രന്ഥശാല ഇന്ത്യ നിർമ്മിച്ച് നൽകിയതാണ്. ഗ്രന്ഥശാലകൾ നിർമ്മിച്ചു നൽകുന്നതിനെയാണ് ട്രമ്പ് നിസാരവത്കരിച്ചത്. നിരവധി സ്കൂളുകളും ഇന്ത്യ നിർമ്മിച്ചു. തൊണ്ണൂറുകളിൽ സ്ഥാപിച്ച് ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചൈൽഡ് ഹെൽത്തിന്റെ നടത്തിപ്പിനായി പ്രതിവർഷം 15 കോടി രൂപയാണ് ഇന്ത്യ നൽകുന്നത്. യാത്രാക്ലേശം പരിഹരിക്കാൻ നൂറുകണക്കിന് ബസുകൾ ഇന്ത്യ നൽകിയതിന് പുറമേ പഴയ ബസുകൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യവും നൽകി. കാബൂളിൽ അഫ്ഗാനിസ്ഥാൻ പാർലമെന്റിനായി 710 കോടി രൂപ ചെലവിൽ ഇന്ത്യ ആധുനിക മന്ദിരം പണിത് നൽകി. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹമീദ് കർസായിയും ചേർന്ന് ഈ മന്ദിരം 2015 ഡിസംബർ 25-ന് ഉദ്ഘാടനം ചെയ്തു. ശേഷം ഇന്ത്യയിലേക്ക് മടങ്ങും വഴിയാണ് അപ്രതീക്ഷിതമായി മോദി ലാഹോറിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ വസതി സന്ദർശിച്ചത്.
കാർഷിക രംഗത്ത് അഫ്ഗാൻ നേരിടുന്ന പ്രധാനപ്രശ്നം ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ജലസേചന സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, ഊർജ്ജ പ്രതിസന്ധി മറികടക്കാനായി ഇരുപതിനായിരം കോടി രൂപ ചെലവിൽ ഇന്ത്യ സൽമാ അണക്കെട്ട് നിർമ്മിച്ചു. ഇതിൽ നിന്നും 42 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സഹായങ്ങൾക്കുള്ള പ്രത്യുപകാരമായി ഈ അണക്കെട്ടിന്റെ പേര് അഫ്ഗാൻ- ഇന്ത്യാ സൗഹൃദ അണക്കെട്ടെന്ന് അഫ്ഗാൻ സർക്കാർ നാമകരണം ചെയ്തു. 10000 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിന് ഉപയോഗപ്രദമാകത്തക്ക രീതിയിൽ, ഷാതുത് ഡാമും ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മാണത്തിലാണ്. 2019 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. സൈനിക നടപടികൾക്കായി അമേരിക്ക കോടിക്കണക്കിന് ഡോളർ അഫ്ഗാനിസ്ഥാനിൽ ചെലവഴിക്കുമ്പോൾ അഫ്ഗാന്റെ വളർച്ചയ്ക്കും വികസനത്തിനും ഊന്നൽ നൽകുന്ന സഹായമാണ് ഇന്ത്യ നൽകുന്നത്. ഇന്ത്യയുടെ സഹായങ്ങൾ അഫ്ഗാനിലെ സാധാരണ ജനങ്ങളും നന്ദിപൂർവം സ്മരിക്കുന്നു.
സൈനിക ഇടപെടലിൽ നിന്നും അമേരിക്ക പിന്മാറുമ്പോൾ, രാജ്യഭരണം സിവിലിയൻ നേതൃത്വത്തിൽ നിന്നും മാറുമോ എന്നത് സന്ദേഹമുയർത്തുന്നുണ്ട്. അമേരിക്ക പിൻമാറുന്ന സാഹചര്യത്തിൽ,അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കുന്നതിനായി താലിബാനുമായുള്ള ചർച്ചയിൽ ഇന്ത്യയും പങ്കാളിയാകണമെന്നും മുൻ പ്രസിഡന്റും അഫ്ഗാൻ ഭരണകക്ഷി നേതാവുമായ ഹമീദ് കർസായി അടുത്തിടെ ഡൽഹി സന്ദർശിച്ച വേളയിൽ ഇന്ത്യയോട് അഭ്യർത്ഥിച്ചു. താലിബാനുമായിനേരിട്ടുള്ള ചർച്ചയ്ക്ക് നമ്മുടെ വിദേശകാര്യവകുപ്പിന് താത്പര്യമില്ല. അനൗദ്യോഗികമായിട്ടാണെങ്കിലും, താലിബാൻ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും നടക്കുന്ന ചർച്ചകളിൽ ഇന്ത്യയും പങ്കെടുക്കണം. പാകിസ്ഥാനും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ച് ചെയ്ത് അഫ്ഗാനിസ്ഥാനിൽ സാമാധാനം ഉണ്ടാക്കുന്നത് ദക്ഷ്യണേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ആക്കം കൂട്ടും. ഇതിന്റെ പ്രതിഫലനം ഇന്ത്യാ -പാക് ബന്ധങ്ങളിലും നിഴലിക്കും. ഭരണനേതൃത്വം മാറുന്ന സാഹചര്യം അഫ്ഗാനിസ്ഥാനിൽ ഉണ്ടായാലും പ്രതിസന്ധികൾ അതിജീവിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് പോകുമെന്നുമാണ് പ്രതീക്ഷ
ലേഖകന്റെ ഫോൺ : : 9847173177