ആലപ്പുഴ: 96ാം വയസ്സിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാർത്ത്യായനി അമ്മ 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിംഗിന്റെ ഗുഡ് വിൽ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കാർത്ത്യായനി അമ്മ വിദൂര വിദ്യാഭ്യാസത്തിന്റെ കേരളത്തിലെ പ്രചാരകയായി. കോമൺവെൽത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം നേരത്തെ കാർത്ത്യായനി അമ്മയെ സന്ദർശിച്ചിരുന്നു. തുടർന്നാണ് ഗുഡ് വിൽ അംബാസിഡറായി തെരഞ്ഞെടുത്തത്.
വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമൺവെൽത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളിൽ പ്രായത്തെ തോൽപ്പിച്ചവരുടെ റാങ്ക് നേട്ടം കോമൺവെൽത്ത് ജേർണലുകളിൽ പ്രസിദ്ധീകരിക്കാനുളള നടപടി പുരോഗമിക്കുകയാണ്. ഇതിൽ കാർത്ത്യായനി അമ്മയെയും ഉൾപ്പെടുത്തും. കാർത്ത്യായനി അമ്മ ഇപ്പോൾ നാലാം ക്ലാസ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലാണ്.
പത്താംക്ലാസ് പരീക്ഷ പാസാകണമെന്നാണ് ആഗ്രഹമെന്ന് അവർ റാങ്ക് നേട്ടത്തിന് പിന്നാലെ പറഞ്ഞിരുന്നു. രണ്ടുവർഷം മുമ്പ് ഇളയമകൾ അമ്മിണിയമ്മ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചതോടെയാണ് പഠിക്കാനുള്ള മോഹം കാർത്ത്യായനിയമ്മക്കും തോന്നിയത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ ആളും കാർത്ത്യായനിയമ്മയായിരുന്നു.
നാലാം ക്ലാസ് തുല്യതാ പരീക്ഷക്ക് മുന്നോടിയായുള്ള അക്ഷരലക്ഷം പരീക്ഷയിലാണ് എല്ലാവരെയും ഞെട്ടിച്ച് കാർത്ത്യായനിയമ്മ താരമായത്. ഇതിനു മുമ്പ് സ്‌കൂളിൽ പോയിട്ടില്ലാത്ത കാർത്ത്യായനിയമ്മയ്‌ക്ക് പത്താംക്ലാസ് പരീക്ഷ പാസാവണമെന്നായിരുന്നു ആഗ്രഹം. അക്ഷരലക്ഷം പരീക്ഷയിൽ വിജയിച്ചതിന് പുറകെ കമ്പ്യൂട്ടർ പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കാർത്ത്യായനി അമ്മക്ക് വിദ്യാഭ്യാസമന്ത്രി ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു.