ന്യൂഡൽഹി: സഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്ക് തടയിടാൻ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയ കോൺഗ്രസ് നേതൃത്വത്തിന് മുട്ടൻ പണി. ബംഗളൂരുവിലെ ഈഗിൾട്ടൺ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാർ പരസ്പരം ഏറ്റുമുട്ടിയതാണ് കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാകുന്നത്. കോൺഗ്രസ് വിമത എം.എൽ.എ ജെ.എൻ.ഗണേഷിൽ നിന്നും കുപ്പിക്കൊണ്ട് തലക്കടിയേറ്റ ആനന്ദ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആനന്ദ് സിംഗിനെ സന്ദർശിക്കാൻ നിരവധി കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തിയെന്നും വിവരമുണ്ട്. എന്നാൽ സംഭവം നിഷേധിച്ച കോൺഗ്രസ് നേതൃത്വം ഇത് വ്യാജവാർത്തയാണെന്ന് കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ കർണാടക ബി.ജെ.പി നേതൃത്വം രൂക്ഷമാ ഭാഷയിലാണ് കോൺഗ്രസിനെ കളിയാക്കിയത്. കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്നതിന് ഇതിൽ കൂടുതൽ തെളിവെന്തിനാണെന്ന് ബി.ജെ.പി നേതൃത്വം ചോദിച്ചു. റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന കോൺഗ്രസ് എം.എൽ.എമാർ കൈയാങ്കളി തുടങ്ങി. ഒരു എം.എൽ.എ ആശുപത്രിയിലായി. എത്രകാലം ഇക്കാര്യം കോൺഗ്രസ് മറച്ചുവെച്ച് തങ്ങളെ കുറ്റപ്പെടുത്തുമെന്നും ബി.ജെ.പി ചോദിച്ചു.
എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നാണ് കോൺഗ്രസ് നേതാവ് ഡി.ശിവകുമാർ പ്രതികരിച്ചു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. എം.എൽ.എമാരെല്ലാം ഒരുമിച്ച് വരികയും പോവുകയും ചെയ്യുന്നത് എല്ലാവരും കണ്ടതല്ലേ. എല്ലാവരും ഒരുമിച്ച് തന്നെയാണ് നിൽക്കുന്നത്. കോൺഗ്രസ് പാർട്ടിയിലെ അംഗങ്ങൾ മുഴുവൻ ഒറ്റക്കെട്ടാണ്. ഇപ്പോൾ പരസ്പരം ഏറ്റുമുട്ടിയെന്ന് പറയുന്ന എം.എൽ.എമാർ രണ്ട് പേരും അവരുടെ റൂമുകളിൽ തന്നെയുണ്ട്. സമയമാകുമ്പോൾ അവർ നിങ്ങളെ വന്ന് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.