mg-sreekumar-priyadarshan

എം.ജി ശ്രീകുമാർ എന്ന ഗായകൻ മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വർഷങ്ങളേറെയായി. നിരവധി ഹിറ്റു ഗാനങ്ങൾ, ഏറെയും പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിനൊപ്പം. എന്നാൽ ഒരൊറ്റ രാത്രി കൊണ്ട് എം.ജി ശ്രീകുമാറിന്റെ ജീവിതം മാറി മറിഞ്ഞ കഥ പറയുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡെന്നിസിന്റെ വാക്കുകൾ-

എന്റെ വളരെ അടുത്ത സുഹൃത്താണ് സംവിധായകൻ പ്രിയദർശൻ. വർഷങ്ങൾക്ക് മുമ്പ് ഒരുദിവസം ഞാൻ ഭരതേട്ടന്റെ സിനിമയായ പ്രണാമം എഴുതികൊണ്ടിരിക്കുകയാണ് വുഡ്‌ലാന്റ്സ് ഹോട്ടലിൽ വച്ച്. ആ സമയത്ത് പ്രിയനും സുരേഷ്‌കുമാറും കൂടി എന്നെ കാണാൻ വന്നു. അക്കൂട്ടത്തിൽ എനിക്ക് പരിചയമില്ലാത്ത അവരുടെ സമപ്രായക്കാരനായ ഒരാളും കൂടിയുണ്ട്. അദ്ദേഹത്തെ പ്രിയൻ എനിക്ക് പരിചയപ്പെടുത്തി. 'ഇതെന്റെ ക്ളാസ് മേറ്റാണ്. ക്ളോസ് ഫ്രണ്ടാണ്. ഇവന്റെ പേര് എം.ജി ശ്രീകുമാർ. ശ്രീക്കുട്ടനെന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഇവൻ എം.ജി രാധകൃഷ‌ണന്റെ അനുജനാണ്. ബാങ്കിലാണ് ജോലി'.

mg-sreekumar-mohanlal

മദ്രാസിൽ ഒരു പാട്ടു റെക്കാ‌ഡു ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് എം.ജി ശ്രീകുമാർ പ്രിയനെ കാണാൻ വന്നത്. പിന്നീട് ഭക്ഷണമൊക്കെ കഴിച്ച് നടക്കവെ, പ്രിയൻ എന്നോടു പറഞ്ഞു. 'എടാ ഇവന് പറ്റിയ അവസരങ്ങൾ വന്നാൽ ഒന്നു പരിഗിക്കണം. ഉസ്‌മാനോടും ഒന്നു പറയണം (അന്നത്തെ പ്രശസ്‌ത കാസറ്റ് കമ്പനി ശ്രീരഞ്ജിനിയുടെ ഉടമ). ഞാൻ മാത്രം വിചാരിച്ചതുകൊണ്ട് കാര്യമില്ല, വേറെ ആൾക്കാരും കൂടി അവസരം കൊടുത്തില്ലെങ്കിൽ അവന് മുന്നോട്ടു വരാൻ പറ്റില്ല - പ്രിയൻ പറഞ്ഞു.

പിറ്റേന്ന് ഉച്ചയ്‌ക്കത്തെ ഫ്ളൈറ്റിൽ ശ്രീക്കുട്ടൻ തിരിച്ചു പോവുകയാണ്. നടത്തം കഴിഞ്ഞ് ചിത്രത്തിലെ ഗാനത്തിന്റെ റിഹേഴ്‌സൽ നോക്കാൻ വേണ്ടി ഞാനും ഭരതേട്ടനും സംഗീത സംവിധായകൻ ഔസേപ്പച്ചനും വീണ്ടും റൂമിൽ ഒത്തുകൂടി. അപ്പോൾ ഞാൻ ഭരതേട്ടനോടു ഇക്കാര്യം പറഞ്ഞു. 'ഭരതേട്ടാ, ഇന്നലെ ഒരു പുതിയ ഗായകനെ പരിചയപ്പെട്ടു. അവൻ വളരെ നന്നായി പാടുന്നുണ്ട്. മാത്രവുമല്ല നിങ്ങളുടെ വളരെ അടുപ്പക്കാരനായ എം.ജി.രാധാകൃഷ്‌ണന്റെ അനുജൻ കൂടിയാണവൻ'.

dennis-joseph-bharathan

'ഓ രാധാകൃഷ്‌ണന്റെ അനിയനോ, അവൻ അത്രയ്‌ക്കൊക്കെ വളർന്നോ? വളരെ ചെറുപ്പത്തിൽ കണ്ടതാണ്'. ഭരതേട്ടൻ പറഞ്ഞു. ഈ പടത്തിൽ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് ഞാൻ ചോദിച്ചു. 'അതിനെന്താ നീ ഒരു കാര്യം ചെയ്യ് നാളെ റെക്കാഡിംഗല്ലേ അവനെ വിളിച്ചു വരുത്ത്'. ഇതായിരുന്നു ഭരതേട്ടന്റെ മറുപടി. ഞാനപ്പോൾ തന്നെ പ്രിയനെ വിളിച്ച് ശ്രീകുമാറിനോട് ടിക്കറ്റ് കാൻസൽ ചെയ്യാൻ പറഞ്ഞു. അവർക്ക് അത്ഭുതമായി. കാരണം ഭരതേട്ടന്റെ പടം, ഔസേപ്പച്ചൻ സംഗീതം ചെയ്യുന്നു, പോരാത്തതിന് മമ്മൂട്ടി നായകനും. ഒറ്റദിവസം കൊണ്ട് അവസരം കിട്ടുമെന്ന് ആരും വിചാരിച്ചതല്ല.

അതോടെ മദ്രാസ് വൃത്തങ്ങളിൽ എം.ജി ശ്രീകുമാർ എന്ന ഗായകൻ വന്നിരിക്കുന്നു, എം.ജി.രാധാകൃഷ്‌ണന്റെ അനുജൻ എന്ന കാര്യം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അതും ഭരതേട്ടന്റെ ചിത്രത്തിൽ എന്നു പറയുമ്പോൾ സംഗീത രംഗത്തുള്ളവർ അത് ശ്രദ്ധിച്ചു. അതോടെ എം.ജി ശ്രീകുമാർ എന്നൊരു ആളുണ്ടെന്ന് മദ്രാസിലെ മേജർ മലയാള സിനിമാരംഗത്ത് അറിയപ്പെടാൻ തുടങ്ങി.