zomatto

മുംബയ്: ഭക്ഷണ വിതരണ ആപ്പായ സൊമാട്ടോ വഴി വാങ്ങിച്ച പനീർ മസാലയിൽ പ്ലാസ്റ്റിക്ക് ഫൈബറിന്റെ അംശമുണ്ടെന്ന് കുടുംബത്തിന്റെ ആരോപണം. മഹാരാഷ്ട്രയിലെ ഒൗറംഗബാദിൽ വെള്ളിയാഴ്ചയാണ് സംഭവം. പനീർ വാങ്ങിച്ച സച്ചിൻ ജംദാരെയുടെ കുടംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് സച്ചിൻ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഇൻസ്‌പെക്ടർ ശ്യാം സുന്ദർ വാസുൽകർ പറഞ്ഞു. സോമാട്ടോ മുഖേന വാങ്ങിച്ച ഭക്ഷണം പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഫലം വന്നതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി സൊമാട്ടോ അധികൃതർ രംഗത്തെത്തി. ഭക്ഷണം വാങ്ങിയ ഹോട്ടലിനെ ആപ്പിൽ നിന്ന് പുറത്താക്കിയെന്നും ഭക്ഷ്യസുരക്ഷ, ഗുണം, ശുചിത്വം എന്നിവയിൽ ഞങ്ങൾ വളരെ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു.

കുട്ടികൾക്ക് വേണ്ടിയായിരുന്നു സച്ചിൻ പനീർ മസാല സൊമാട്ടോ വഴി വാങ്ങിച്ചത്. കഴിക്കുന്നതിനിടെ മകളാണ് പനീർ വളരെ കട്ടിയുണ്ടെന്നും കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇത് പ്ലാസ്റ്റിക്കാണെന്ന് മനസിലായതെന്ന് സച്ചിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുമ്പ് സൊമാട്ടോയുടെ ഒരു വിതരണക്കാരൻ ഭക്ഷണപ്പൊതി തുറന്ന് കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവവും.