തിരുവനന്തപുരം: ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കോട്ടയം കുറുവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയ നടപടി വിവാദങ്ങളിൽപെട്ടിരിക്കുകയാണ്. സിസ്റ്റർമാരായ അനുപമ, ജോസഫൈൻ, ആൻസിറ്റ, ആൽഫി എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇതേക്കുറിച്ച് സിസ്റ്റർ അനുപമ, സിസ്റ്റർ ലൂസി കളപ്പുര, സിസ്റ്റർ ജെസ്മി എന്നിവർ പ്രതികരിക്കുന്നു:
എങ്ങോട്ടും ഓടിപ്പോകേണ്ട
നാല് കന്യാസ്ത്രീകളും എങ്ങോട്ടും ഓടിപ്പോകേണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. ഇതൊരു പ്രതികാര നടപടിയാണ്. സ്ഥലംമാറ്രം വാങ്ങി അവർ ഓരോരോ ഇടങ്ങളിലേക്ക് മാറിപ്പോകരുത്. ഒന്നിച്ചുനിന്ന് നേരിടണം. ഒറ്റപ്പെട്ടുപോകുമ്പോൾ അവരുടെ ശക്തി ക്ഷയിക്കും. നീതികിട്ടുക അത്ര എളുപ്പമല്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവർ. അത് പൂർണതയിൽ എത്തിക്കുകയാണ് വേണ്ടത്. സമൂഹത്തിൽനിന്നും സഭയിൽനിന്നും അവർക്ക് കുറേയേറെ മുറിവേറ്റിട്ടുണ്ട്. ഒന്നിച്ചുനിന്നാൽ മാത്രമേ അവർക്കത് ഉണങ്ങിക്കിട്ടുകയുള്ളൂ. ഓരോരുത്തരും പലവഴിക്കായി കഴിഞ്ഞാൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ അവസ്ഥ അതിദയനീയമായിരിക്കും. മുകളിലിരിക്കുന്നവർക്കും അതുതന്നെയാണ് വേണ്ടത്.
അകത്തുനിന്ന് പോരാടണം
പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്കും അവർക്കൊപ്പം നിൽക്കുന്നവർക്കും മഠത്തിൽനിന്ന് പുറത്തുവരാൻ ആഗ്രഹമില്ല. അവരതിനുള്ളിൽ നിന്നുകൊണ്ടാണ് പോരാടേണ്ടത്. അല്ലാതെ, മഠത്തിനുള്ളിലെയും സഭയിലെയും അനീതികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അവിടെനിന്നും എങ്ങോട്ടും ഓടിപ്പോകേണ്ട കാര്യമില്ല. നിസഹായാവസ്ഥയിലും ഒറ്റയ്ക്കുമുള്ളവരാണ് കൂടുതലും ഇങ്ങനെ പുറത്തു പോകേണ്ടിവരുന്നത്. ഇവരെ സംബന്ധിച്ച് ഒപ്പം കുറച്ചുപേരെങ്കിലുമുണ്ട്. ധൈര്യവും ശക്തിയുമുണ്ട്. അവർക്ക് ഈ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും. തിരുത്തേണ്ടവർ എല്ലാം അകത്താണ്. അവർ തിരുത്തട്ടെ ആദ്യം.
ഞാൻ തളരില്ല
ഭീഷണികളും വിശദീകരണങ്ങൾ ആവശ്യപ്പെട്ടുള്ള കത്തുകളും ഒക്കെയായി എനിക്കെതിരെയുള്ള സഭയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിന്റെ നൂറിരട്ടിയാകും കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾക്ക് നേരിടേണ്ടിവരിക. ഇവിടെ ഞാൻ താമസിക്കുന്ന മുറിയിലും മഠത്തിനുള്ളിലും സി.സി ടി.വി കാമറകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന അവസരങ്ങൾ ഒഴിവാക്കാനും എന്നെ കാണാൻ ഇവിടെയെത്തുന്നവരെ തടയാനുമാണ് അത്. ഇവർക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യട്ടെ. ഞാൻ തളരില്ല.
അടിമകളായി മാറിയവർ
പലരും ഫ്രാങ്കോയുടെ അടിമകളാണ്. ഇതൊക്കെ പുറത്തുപറയേണ്ട കാര്യങ്ങളാണോ, ക്ഷമിച്ചുകൂടേ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. അവരെ എങ്ങനെ കുറ്റം പറയും. അത്രയേറെ സ്വയം അടിമകളായി മാറിയവരാണ് അവർ.
പഞ്ചാബിലേക്ക് മാറ്റുന്നത് വകവരുത്താൻ
പിന്തുണയ്ക്കുന്ന എല്ലാവരെയും സ്ഥലംമാറ്റി പരാതിക്കാരിയെ ഒറ്റപ്പെടുത്തി ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാനാണ് മിഷണറീസ് ഒഫ് ജീസസ് ലക്ഷ്യമിടുന്നതെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. ഇനി എന്ത് വന്നാലും കുറുവിലങ്ങാട്ടെ മഠം ഉപേക്ഷിച്ച് എവിടേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല. എന്നെ പഞ്ചാബിലെത്തിച്ച് വകവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് സംശയിക്കുന്നു. ഇതിലൂടെ കാര്യങ്ങൾ വരുതിയിലാക്കാമെന്ന് ഫ്രാങ്കോ കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണ്. സഭ ഉൾപ്പെടെ മൗനം പാലിക്കുമ്പോഴും സ്ഥലംമാറ്റ ഉത്തരവിനെതിരെ ദേശീയ വനിതാ കമ്മിഷൻ രംഗത്തെത്തിയത് നല്ല കാര്യമായി കാണുന്നു.
ഗൂഢനീക്കത്തിന്റെ ഭാഗം
പിന്തുണയുമായി കൂടെയുള്ള കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നടപടിയിൽ പരാതിക്കാരിയായ കന്യാസ്ത്രീ ഏറെ ദുഃഖിതയാണ്. വീണ്ടും ഒറ്റപ്പെടുമോയെന്ന ചിന്ത അവരെ അലട്ടുന്നുണ്ട്. എന്നാൽ, കുറവിലങ്ങാട് മഠത്തിൽ തന്നെ തുടരുമെന്നും വിട്ടുപോകില്ലെന്നും അമ്മയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പരാതിക്കാരിയെ സഹായിക്കുന്ന ഞങ്ങളെ ഏത് വിധേനയെങ്കിലും അച്ചടക്ക നടപടിയെടുത്ത് പുകച്ചു പുറത്ത് ചാടിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെ കാണുന്നത്.
ഞങ്ങൾ ആശങ്കയിൽ
എന്നും കൂടെ നിൽക്കേണ്ട സഭയുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ നിരന്തരമായ വേട്ടയാടലുകളിൽ ഞങ്ങളെല്ലാം ആശങ്കാകുലരാണ്. കഴിഞ്ഞ എട്ടിനാണ് സിസ്റ്റർ ആൽഫിക്കും സിസ്റ്റർ ജോസഫൈനും ട്രാൻസ്ഫർ ഓർഡർ കിട്ടിയത്. എനിക്കും ആൻസിറ്റ സിസ്റ്ററിനും ഓർഡർ ലഭിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. അസുഖ ബാധിതരായാൽ ആശുപത്രി ചെലവിനുള്ള കാശുപോലും മഠത്തിൽ നിന്ന് ലഭിക്കാൻ ബുദ്ധിമുട്ടുകയാണ്. അത്യാവശ്യത്തിന് പോലും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ്. പണം ചോദിക്കുമ്പോൾ ചികിത്സാ ചെലവിനുള്ള പണം പഞ്ചാബിൽ നിന്നെത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുക. ഇനി ഏതെങ്കിലും വിധേന പണം തരാമെന്നേറ്റാലും പറഞ്ഞ സമയത്ത് അവരെ മഷിയിട്ട് നോക്കിയാലും കാണാനാകാത്ത അവസ്ഥയാണ്.
അവരെ സ്വീകരിക്കാൻ ഞാനുണ്ട്
നാല് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ സഭാ നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് സിസ്റ്റർ ജെസ്മി പറഞ്ഞു. ഇരയെ ഒറ്റപ്പെടുത്താനുള്ള ഭാഗമായാണ് അവരെ മാറ്റുന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മുൻപ് ഇവർ സമരത്തിനിറങ്ങിയപ്പോൾ ആ കന്യാസ്ത്രീ ഒറ്റയ്ക്കായതിന്റെ മാനസിക സംഘർഷം ഏറെ അനുഭവിച്ചതാണ്. അതുകൊണ്ടാണ് അടുത്ത ദിവസം മുതൽ ഒരാളെ മഠത്തിൽ കൂട്ടിനിരുത്തി മറ്റുള്ളവർ സമരത്തിനെത്തിയത്. അതുപോലെ അവരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യം തന്നെയാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലും. പക്ഷേ ഇവരൊക്കെ ആത്മീയമായി ശക്തിയാർജിച്ചവരാണ്. അതുകൊണ്ടാണ് എത്രവലിയ പ്രതിസന്ധി വന്നിട്ടും പിടിച്ചുനിൽക്കുന്നത്.
ചിതറിക്കുക ലക്ഷ്യം
ഇവരെ ചിതറിക്കുക തന്നെയാണ് സഭ ലക്ഷ്യമിടുന്നത്.
മുൻപ് ഞാറയ്ക്കൽ സ്കൂൾ അടിച്ചെടുക്കാൻ നോക്കിയ മാനേജർ അച്ചനെതിരെ പരാതി നൽകിയ 10 കന്യാസ്ത്രീകളെ ഇതുപോലെ സ്ഥലംമാറ്റാൻ ശ്രമിച്ചിരുന്നു. അത് കന്യാസ്ത്രീകൾ നോക്കി നടത്തിയ സ്കൂളായിരുന്നു. അന്ന് അവരെല്ലാം കേസ് കഴിയുന്നതുവരെ ഒന്നിച്ചുനിൽക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. അതുകൊണ്ട് ആ കേസ് അവർക്കനുകൂലമായി വരികയും ചെയ്തു.
പിടിച്ചുനിൽക്കാൻ പഠിച്ചു
10 വർഷം മുൻപ് സഭയ്ക്കുള്ളിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ഞാൻ മഠം വിട്ട് പുറത്തിറങ്ങിയപ്പോൾ പലരും എന്റെ വാക്കുകൾ വിശ്വസിക്കാൻ തയാറായില്ല. പക്ഷേ ഇപ്പോഴതല്ല സ്ഥിതി. വാക്കുകളിലെ യാഥാർത്ഥ്യം മനസിലാക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അതൊരു അനുകൂല അവസ്ഥയാണ്. പിന്നെ മഠത്തിനുള്ളിലെ ഒറ്റപ്പെടുത്തലിൽ പോലും പിടിച്ചുനിൽക്കാൻ അവർ പഠിച്ചു. എങ്കിലും സഭയ്ക്കുള്ളിൽ നിന്ന് പോരാടുന്നു എന്നത് ഒരു വിഷയം തന്നെയാണ്.
ഇരുകൈയും നീട്ടി സ്വീകരിക്കും
മഠത്തിൽ നിന്ന് അവരെ പുറത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വാർത്തകളിൽ വായിച്ചു. നൽകുന്ന ഭക്ഷണത്തിൽ വിഷമുണ്ടോയെന്ന് നോക്കണം, ലഹരി പിടിപ്പിക്കുന്ന മരുന്നുകൾ നൽകുന്നോയെന്ന് ശ്രദ്ധിക്കണം എന്നൊക്കെ ആ സിസ്റ്റർമാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നും അവരുടെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. അവരെ പുറത്താക്കിയാലും അവർ സ്വമേധയാ പുറത്തുവന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഞാനുണ്ട്. എനിക്കൊപ്പം ഇനിയും നന്മ വറ്റിയിട്ടില്ലാത്ത കുറേ മനുഷ്യരുണ്ടാകും. അതല്ല, അകത്തുനിന്ന് പോരാടാനാണ് തീരുമാനമെങ്കിൽ ഉറച്ച പിന്തുണയുമായി പുറത്തുണ്ടാകും.
(2008ൽ സിസ്റ്റർ ജെസ്മി മഠം വിട്ടിരുന്നു)
തയാറാക്കിയത്
ആശാമോഹൻ
ശരത്‌ലാൽ ചിറ്റടിമംഗലത്ത്
ലിജ വർഗീസ്