ഹൈദരാബാദ്: തെലങ്കാനയിലെ റോഡുകളെല്ലാം കണ്ണാടി പോലെ തിളക്കമാർന്നതാക്കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞു. ഹൈദരാബാദിലെ പ്രഗതി ഭവനിൽ നടന്ന അവലോകന യോഗത്തിനിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ നിലവിലെ റോഡുകളുടെ അവസ്ഥയും മന്ത്രി ചൂണ്ടിക്കാട്ടി.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ ദൗത്യം ചെയ്തു തീർക്കണമെന്ന് കെ.സി.ആർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജലസേചന പദ്ധതികൾക്കു ശേഷം മുഖ്യപരിഗണന സംസ്ഥാനത്തെ റോഡുകൾക്കും ദേശീയ പാതകൾക്കുമാണെന്ന് കെ.സി.ആർ വ്യക്തമാക്കി. തെലങ്കാനയിലെ പുതുതായി രൂപംകൊണ്ട ഗ്രാമപഞ്ചായത്തുകളിലും, നിലവിലെ 12,751 ഗ്രാമപഞ്ചായത്തുകളിലടക്കം ബി.ടി റോഡ് സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
നിരവധി റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതുണ്ട്. നിലവിലെ റോഡുകളുടെ അവസ്ഥ വ്യക്തമാക്കി റപ്പോർട്ട് തയ്യാറാക്കാനും, റോഡിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രിമാർക്ക് നിർദേശം നൽകി.