ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്‌ദാനം നൽകുകയാണെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് വി.എച്ച്.പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ വ്യക്തമാക്കി.
കോൺഗ്രസ് ഞങ്ങൾക്ക് മുന്നിൽ എല്ലാ വാതിലുകളും അടച്ചിരിക്കുകയാണ്. അവർ വാതിലുകൾ തുറക്കാൻ തയാറാണെങ്കിൽ, രാമക്ഷേത്രം നിർമിക്കുമെന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെങ്കിൽ, കോൺഗ്രസിനെ പിന്തുണക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അലോക് കുമാർ പറഞ്ഞു. അതേസമയം, തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് അലോക്, രാമക്ഷേത്ര നിർമാണത്തിനായി നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാർട്ടികളെയും സമീപിച്ചിരുന്നു.
രാമക്ഷേത്ര നിർമാണത്തിനായി പാർലമെന്റിൽ നിയമം രൂപീകരിക്കാൻ ചർച്ചകൾ വരുമ്പോൾ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടികളെ കണ്ടിരുന്നു. അങ്ങനെ ചെയ്യുന്നവർ എന്നും നന്ദിയുള്ളവരായിരിക്കും. അതിന്റെ അർത്ഥം ഏതെങ്കിലും പാർട്ടിയെ പിന്തുണക്കുമെന്നല്ല. അത് ഞങ്ങളുടെ ജോലിയല്ല, ചെയ്യുകയുമില്ലെന്നും അലോക് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം 2025 ഓടെ പൂർത്തിയാക്കണമെന്നും ഇതോടെ രാജ്യത്തിന്റെ വളർച്ചയുടെ വേഗത വർദ്ധിക്കുമെന്നും ആർ.എസ്.എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞിരുന്നു. രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി കഴിഞ്ഞാൽ വരുന്ന 150 വർഷത്തോളം രാജ്യം പുരോഗതിയുടെ പാതയിലായിരിക്കും. രാമക്ഷേത്രം ഇന്ത്യയുടെ പൊതുസ്വത്ത് എന്ന നിലയിൽ ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ കഴിയും. 1952ൽ ഗുജറാത്തിൽ സോമനാഥ് ക്ഷേത്രം നിർമിച്ചപ്പോൾ ഉണ്ടായതുപോലെയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിർമാണം പൂർത്തിയാക്കണമെന്ന സമ്മർദം കേന്ദ്രത്തിന് മേൽ ആർ.എസ്.എസ് ചെലുത്തില്ലെന്നതിന്റെ സൂചനയാണ് ഭയ്യാജി ജോഷിയുടെ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സുപ്രീംകോടതിയിൽ നിന്നു അയോദ്ധ്യ കേസ് വിധി വരുന്നതുവരെ രാമക്ഷേത്ര നിർമാണ വിഷയത്തിൽ പ്രതികരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിക്കുശേഷം മാത്രമായിരിക്കും വിഷയത്തിൽ ഓർഡിനൻസ് ഇറക്കണോയെന്നു തീരുമാനിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.