ലക്‌നൗ: ബി.എസ്.പി നേതാവ് മായാവതി അധികാരത്തിനുവേണ്ടി അന്തസ് നഷ്‌ടപ്പെടുത്തിയെന്നും അവർ സ്‌ത്രീത്വത്തിന് കളങ്കമാണെന്നും മറ്റും അധിക്ഷേപിച്ച് ബി.ജെ.പി വനിതാ എം.എൽ.എ സാധനാസിംഗ് നടത്തിയ പ്രസംഗം വിവാദമായി. ഉത്തർപ്രദേശിലെ മുഗൾസരായ് എം.എൽ.എ ആയ സാധനാ സിംഗ് ഇന്നലെ പാർട്ടി റാലിയിലാണ് മായാവതിയെ അവഹേളിച്ച് പ്രസംഗിച്ചത്. ഇതിൽ പ്രതിഷേധവുമായി ബി.എസ്.പിയും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ ബി.ജെ.പിക്കെതിരെ രംഗത്തെത്തി.
സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിശദീകരണം തേടി ഇന്ന് സാധനാ സിംഗിന് നോട്ടീസ് അയയ്‌ക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. ഇതോടെ വിഷയത്തിൽ സാധനാസിംഗ് ഖേദം പ്രകടിപ്പിച്ചു.
വസ്‌ത്രാക്ഷേപത്തിന് ഇരയായ ഒരു സ്‌ത്രീ ഇപ്പോൾത്തന്നെ ആക്രമിച്ചവരുമായി ഒത്തുതീർപ്പിലായി. നപുംസകത്തെക്കാൾ മോശമാണ് ഇവർ. മഹാഭാരതത്തിലെ ദ്രൗപതി തന്നെ വസ്‌ത്രാക്ഷേപം ചെയ്‌തവരോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. എന്നാൽ എല്ലാം നഷ്‌ടപ്പെട്ട മായാവതിയാകട്ടെ, അധികാരത്തിനും സുഖങ്ങൾക്കും വേണ്ടി എല്ലാ അപമാനവും വിഴുങ്ങി. അവർ സ്ത്രീത്വത്തിന് തന്നെ അപമാനമാണ് എന്നായിരുന്നു സാധനാ സിംഗിന്റെ വിവാദ പരാമർശം.
1995ൽ സമാജ്‌വാദി സർക്കാരിനുള്ള പിന്തുണ ബി.എസ്.പി പിൻവലിച്ചതിനെ തുടർന്ന് ലക്‌നൗവിലെ ഗസ്റ്റ് ഹൗസിലുണ്ടായ കുപ്രസിദ്ധ സംഭവങ്ങളെ പരോക്ഷമായി പരാമർശിച്ചായിരുന്നു സാധനാസിംഗിന്റെ ആക്ഷേപങ്ങൾ. അന്ന് ഗസ്റ്റ്ഹൗസിൽ മായാവതിയെ സമാജ്‌വാദി നേതാക്കൾ ആക്രമിച്ചിരുന്നു. തുടർന്ന് 25 കൊല്ലം നീണ്ട ശത്രുത അവസാനിപ്പിച്ചാണ് ഈ മാസം 12ന് ഇരു പാർട്ടികളും യു. പിയിൽ സഖ്യമുണ്ടാക്കിയത്.
''ബി.ജെ.പിയുടെ ധാർമ്മിക പാപ്പരത്വത്തിന്റെയും നിരാശയുടെയും തെളിവാണിത്. രാജ്യത്തെയാകെ വനിതകളോടുള്ള അവഹേളനവുമാണ്.
--അഖിലേഷ് യാദവ്
സമാജ്‌വാദി നേതാവും മുൻ മുഖ്യമന്ത്രിയും
''ബി.എസ്.പി - എസ്.പി സഖ്യം രൂപീകരിച്ചതോടെ ബി.ജെ.പിക്കാർ നിരാശരാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ്. ഭാഷയുടെ നിലവാരമില്ലായ്‌മ മാനസിക രോഗത്തിന്റെ തെളിവാണ്.
--സതീഷ് ചന്ദ്രമിശ്ര
ബി.എസ്.പി നേതാവ്.