തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്ര് പടിക്കൽ ബി.ജെ.പി നടത്തിയിരുന്ന നിരഹാര സമരം അവസാനിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാതെ വി.മുരളീധരൻ എം.പിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങിൽ ഇരുവരും പങ്കെടുക്കാത്തതാണ് ശ്രദ്ധേയമായത്.
അതേസമയം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിവന്നിരുന്ന സമരം കർമ്മ സമിതിയുമായി ചേർന്ന് നടത്തുന്നതിനോട് മുരളീധരപക്ഷത്തിന് താൽപര്യമില്ലായിരുന്നു. കൂടാതെ ശബരിമലയിൽ നടന്ന സംഘർഷത്തിൽ സുരേന്ദ്രൻ അറസ്റ്റിലായതും, ആ സമയത്ത് സംസ്ഥാന ഘടകം സ്വീകരിച്ച നിലപാടും മുരളീധരപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.
ശബരിമലയിലെ യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന് പൂർണവിജയം നേടാനായില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.
ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിച്ചിരുന്നത്. വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂർണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവന്നു. എന്നാൽ സമരം അവസാനിപ്പിക്കുമെങ്കിലും പോരാട്ടം തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.
ബി.ജെ.പി സംസ്ഥാന ജനറൽ എ.എൻ.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമനുഷ്ഠിച്ചത്. പിന്നീട് സി.കെ.പത്മനാഭൻ, ശോഭാ സുരേന്ദ്രൻ, ശിവരാജൻ, പി.എം.വേലായുധൻ, വി.ടി. രമ, പി.കെ.കൃഷ്ണദാസ് എന്നിവരും നിരാഹാരം അനുഷ്ഠിച്ചു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂർണമായി പിൻവലിക്കുക, പ്രവർത്തകർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക, കെ.സുരേന്ദ്രനെതിരെ കള്ള കേസെടുത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയത്.