നിർദ്ദേശം ഡെമോക്രാറ്റുകൾ തള്ളി
വാഷിംഗ്ടൺ:മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാൻ 570കോടി ഡോളർ കോൺഗ്രസ് അനുവദിച്ചാൽ പത്ത് ലക്ഷത്തോളം കുടിയേറ്റക്കാരെ മൂന്ന് വർഷത്തേക്ക് നാടുകടത്തില്ലെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം ഡെമോക്രാറ്റുകൾ തള്ളി. ഇതോടെ രാജ്യത്ത് ഒരുമാസമായി നിലനിൽക്കുന്ന ഭാഗിക ഭരണ സ്‌തംഭനം തുടരാൻ കളമൊരുങ്ങി.
അമേരിക്കയിൽ അനധികൃതമായി താമസമാക്കിയവരുടെ പിൻമുറക്കാരായ ഏഴ് ലക്ഷം പേരെയും സംരക്ഷിത കാലവധി അവസാനിക്കുന്ന മൂന്ന് ലക്ഷം കുടിയേറ്റക്കാരെയും സംരക്ഷിക്കാമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇതിൽ ആദ്യ വിഭാഗത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന ഡെമോക്രാറ്റുകൾ ട്രംപിന്റെ ഉപാധി കൈയോടെ തള്ളുകയായിരുന്നു.
അമേരിക്കയ്‌ക്ക് എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണെന്നും അതിർത്തി മുഴുവൻ മതിൽ കെട്ടാനല്ല, സുരക്ഷ ഉറപ്പാക്കാൻ സുരക്ഷിതമല്ലാത്ത ഭാഗത്ത് മാത്രം സ്റ്റീൽ കൊണ്ടുള്ള മതിൽ കെട്ടാനാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഇതിന് 570കോടി ഡോളർ വേണം.അതിർത്തിയിലെ പ്രതിസന്ധി പരിഹരിക്കാനും ഭരണസ്‌തംബനം ഒഴിവാക്കാനുമാണ് ഈ നിർദ്ദേശമെന്ന് വൈറ്റ്ഹൗസിൽ നിന്നുള്ള ടെലിവിഷൻ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. എന്നാൽ ഇത് സ്വീകാര്യമല്ലെന്ന് പ്രതിനിധി സഭാ സ്‌പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാൻസി പെലോസി പറഞ്ഞു.
അതേസമയം, ദിവസേന ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോ അതിർത്തി വഴി അമേരിക്കയിലെത്തുന്നത്. ഇമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തി അഭയാർത്ഥികളെ തടയാൻ മതിൽ നിർമ്മിക്കുമെന്ന ട്രംപിന്റെ പ്രസ്‌താവന നിലനിൽക്കെ അഭയാർത്ഥി പ്രവാഹം തുടരുകയാണ്.
അഭയാർത്ഥികളോട് മനുഷ്യത്വപരമായി ഇടപെടണമെന്നും മതിൽ നിർമാണത്തിന് പകരം അഭയാർത്ഥികൾക്കും ജോലി നൽകുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുവരണമെന്നും മെക്‌സിക്കൻ പ്രസിഡന്റ് ആന്റേഴ്സ് മാനുവൽ ലോപി ആവശ്യപ്പെട്ടു.