boo


ലോകത്തിന്റെ പൊന്നോമന നായ്‌ക്കുട്ടി ഇനി ഓർമ്മ

സാൻഫ്രാൻസിസ്ക്കോ: കളിക്കൂട്ടുകാരിയുടെ വിയോഗത്തിൽ 'ഹൃദയം തകർന്ന്' കുഞ്ഞ് ബൂവും യാത്രയായി. ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത ലോകത്തേക്ക്... ലോകത്തെ ഏറ്റവും ഓമനയായ നായ്‌ക്കുട്ടി എന്നറിയപ്പെട്ടിരുന്ന 'ബൂ' ഇനി ഓർമ്മ മാത്രം. സോഷ്യൽ മീഡിയയിലെ അവന്റെ കോടിക്കണക്കിന് ആരാധകരുടെ ഹൃദയവും വിങ്ങുകയാണ്. പോമറേനിയൻ ഇനത്തിൽ പെട്ട ബൂവിന് ഫേസ്ബുക്കിൽ മാത്രം 17ദശലക്ഷം ഫോളോവേഴ്സാണുള്ളത്. ഇൻസ്റ്റാഗ്രാമിൽ അഞ്ചരലക്ഷവും. അവന്റെ വിയോഗത്തെ പറ്റി ഫേസ്ബുക്ക് പേജിൽ വന്ന ഹൃദയസ്ർപർശിയായ കുറിപ്പിന് മണിക്കൂറുകൾക്കുള്ളിൽ മൂന്നര ലക്ഷം 'ലൈക്ക്'ആണ് വന്നത്. അൻപതിനായിരം സങ്കട കമന്റുകളും.വെള്ളിയാഴ്‌ച രാത്രി ഉറക്കത്തിലായിരുന്നു മരണം.12 വയസായിരുന്നു.

സെപ്റ്റംബർ 2017ലാണ് 14കാരി ബഡി യാത്രയായത്. 11വർഷം പരസ്‌പരം കുസ‌ൃതികൾ കാട്ടി ഒരുമിച്ചുണ്ടായിരുന്ന ബഡിയുടെയും ബൂവിന്റെയും ചിത്രങ്ങളും വിഡിയോയും ഉടമസ്ഥർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ബൂ ഹാഷ്‌ടാഗുകൾ പിന്തുടരുന്നവർ ഏറെയാണ്.

ബൂവിനെ ലോകം അറിഞ്ഞത്...

2006 ൽ തങ്ങളുടെ പക്കൽ എത്തിയ ബൂവിന്റെ ചിത്രങ്ങൾ ഉടമസ്ഥർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തതോടെയാണ് ബൂവിനെ ലോകം അറിഞ്ഞത്. പാവക്കുട്ടി പോലെയുള്ള ഈ നായ ഓമനത്തം കൊണ്ട് ലോകമാകെ ആരാധകരെ സൃഷ്‌ടിച്ചു. ബൂവിന്റെ ചിത്രങ്ങൾ അടങ്ങിയ 'ബൂ: ദി ലൈഫ് ഓഫ് വേൾഡ്സ് ക്യൂട്ടെസ്റ്റ് ഡോഗ്' എന്ന പുസ്തകം 2011 ൽ പുറത്തു വന്നിട്ടുണ്ട്. സി.എൻ.എൻ ഉൾപ്പടെയുള്ള അമേരിക്കൻ മാദ്ധ്യമങ്ങളിൽ ബൂവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.