ന്യൂഡൽഹി : നേപ്പാളും ഭൂട്ടാനും സന്ദർശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാർ കാർഡും ഉപയോഗിക്കാം. 15 വയസിന് താഴെയുള്ളവർക്കും 65 ന് മുകളിലുള്ളവർക്കുമാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാരേഖയായി ആധാർ കാർഡ് ഉപയോഗിക്കാവുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതേസമയം ഈ രണ്ടു പ്രായപരിധിക്കും ഇടയിലുള്ളവർക്ക് ആധാർ യാത്രാരേഖയായി ഉപയോഗിക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാർക്ക് സന്ദർശനത്തിന് വിസ ആവശ്യമില്ലാത്ത രാജ്യങ്ങളാണ് ഭൂട്ടാനും നേപ്പാളും. പാസ്‌പോർട്ടോ തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡോ ഗവൺമെന്റ് ഒഫ് ഇന്ത്യയുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡോ ഉണ്ടെങ്കിൽ ഈ രണ്ടുരാജ്യത്തും ഇന്ത്യൻ പൗരന്മാർക്ക് സന്ദർശനം നടത്താം. പാൻ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സർവീസ് കാർഡ് എന്നിവയായിരുന്നു നേപ്പാൾ, ഭൂട്ടാൻ സന്ദർശനത്തിന് 15 വയസിന് താഴെയുള്ളവരും 65 ന് മുകളിലുള്ളവരും ഇതുവരെ യാത്രാരേഖകളായി കാണിക്കേണ്ടിയിരുന്നത്. ഈ രേഖകൾക്കൊപ്പമാണ് ആധാർ കാർഡിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.