ന്യൂഡൽഹി: കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരിനെതിരെയുള്ള പ്രതിപക്ഷ സഖ്യം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തട്ടിപ്പിന്റെയും സഖ്യമാണെന്നും ബി.ജെ.പിയുടെ സഖ്യം 125 കോടി ജനങ്ങളുമായാണെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെയും ഗോവയിലെയും ബൂത്തുതല പ്രവർത്തകരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രതിപക്ഷത്തിനെതിരെ നരേന്ദ്രമോദി ആഞ്ഞടിച്ചത്.
പ്രതിപക്ഷപാർട്ടികളുടേത് നേതൃസ്ഥാനം പാരമ്പര്യമായി കിട്ടിയവരുടെ സഖ്യമാണ്. സ്വജനപക്ഷപാതത്തിന്റെയും അൻിമതിയുടെയും തട്ടിപ്പിന്റെയും അസ്ഥിരതയുടെയും സഖ്യമാണത്. അഴിമതിക്കാർ തമ്മിൽ പരസ്പരം സഖ്യമുണ്ടാക്കി. ബി.ജെ.പി രാജ്യത്തെ 125 കോടി ജനങ്ങളുമായി സഖ്യം ചേർന്നു. ഇതിൽ ഏതു സഖ്യമാണ് ശക്തമെന്ന് നിങ്ങൾ തീരുമാനിക്കൂ എന്ന് മോദി ചോദിച്ചു.
കൊൽക്കത്തയിലെ വേദിയിലുണ്ടായിരുന്ന നേതാക്കളിൽ അധികവും സ്വാധീനശക്തിയുള്ള നേതാക്കളുടെ മക്കളോ സ്വന്തം മക്കളെ രാഷ്ട്രീയത്തിൽ ഇറക്കാൻ ആഗ്രഹിച്ചിരുന്നവരോ ആണ്. അവർക്ക് പണത്തിന്റെ പിന്തുണയാണ് ഉള്ളതെങ്കിൽ ബി.ജെ.പിക്ക് ജനപിന്തുണയാണുള്ളതെന്ന് മോദി പറഞ്ഞു.
കഴിഞ്ഞദിവസം കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിപക്ഷറാലിയെ വിമർശിച്ചായിരുന്നു മോദിയുടെ പ്രസംഗം.