പനാജി : കൊൽക്കത്തയിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്നും ബി ജെ പിയുടെ സഖ്യം 125 കോടി ജനങ്ങളുമായാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മഹാരാഷ്ട്രയിലെയും ഗോവയിലെയും ബൂത്തുതല പ്രവർത്തകരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ് പ്രതിപക്ഷ ഐക്യറാലിയെ മോദി പരിഹസിച്ചത്.
കൊൽക്കത്തയിലെ വേദിയിലുണ്ടായിരുന്ന നേതാക്കളിൽ അധികവും സ്വാധീന ശക്തിയുള്ള നേതാക്കളുടെ മക്കളോ സ്വന്തം മക്കളെ രാഷ്ട്രീയത്തിൽ ഇറക്കാൻ ആഗ്രഹിച്ചിരുന്നവരോ ആണ്. അവർക്കുള്ളത് 'ധനശക്തി'യാണെങ്കിൽ ബി.ജെ.പിക്കുള്ളത് 'ജനശക്തി'യാണ്. 2019ലെ തിരഞ്ഞെടുപ്പിനെ പരാജയഭീതിയോടെയാണ് പ്രതിപക്ഷം കാണുന്നത്. അതാണവരെ അപവാദപ്രചാരണത്തിന് പ്രേരിപ്പിക്കുന്നത്'- മോദി പറഞ്ഞു.
'പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ഒരു പ്രത്യേകതരം സഖ്യമാണ്. നേതൃസ്ഥാനം പാരമ്പര്യമായി കിട്ടിയവരുടെ കൂട്ടായ്മയാണത്. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തട്ടിപ്പിന്റെയും അസ്ഥിരതയുടെയും സഖ്യമാണത്. അവർ പരസ്പരം സഖ്യം ചേർന്നു. ഞങ്ങൾ (ബി.ജെ.പി)125 കോടി ജനങ്ങളുമായി സഖ്യം ചേർന്നു. ഏതു സഖ്യമാണ് ശക്തമെന്നു നിങ്ങൾ വിചാരിക്കുന്നത്?' മോദി പ്രവർത്തകരോട് ആരാഞ്ഞു.