-ayyappabhaktha-s

തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ നേ‌തൃത്വത്തിൽ സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം മാതാ അമ‌ൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്ത് വച്ച് ജനസാഗരങ്ങളെ സാക്ഷി നിർത്തിയാണ് ഉദ്ഘാടനം നടന്നത്. ശംഖുനാദം മുഴക്കിയാണ് മാതാ അമൃതാന്ദമയിയെ വേദിയിലേക്ക് ആനയിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ടി.പി സെൻകുമാർ എന്നിവരും വേദിയിൽ സംസാരിച്ചു.

ഭക്തജനങ്ങളെ സാക്ഷിയാക്കി 'ശബരിമല അയ്യപ്പൻ കീ ജയ്' എന്ന മുദ്രാവാക്യത്തോട് കൂടിയാണ് അമൃതാനന്ദമയി പ്രസംഗം തുടങ്ങിയത്. ഒാരോ ക്ഷേത്രങ്ങളിലും അതിന്റേതായ ആചാരങ്ങളും സങ്കൽപ്പങ്ങളുമുണ്ട്. ഇതിന് അവഗണിക്കുന്നത് ശരിയല്ല. നമ്മുടെ ക്ഷേത്ര ആചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതുവരെയുള്ള പ്രശ്നങ്ങൾക്ക് കാരണം. സ്ത്രീ പുരുഷ വ്യത്യാസം വിവിധ മേഖലകളിൽ കാണാവുന്നതാണ്. എന്നാൽ ഒാരോ ക്ഷേത്രങ്ങളിലെ വ്യത്യസ്ത ദേവതകൾക്ക് പ്രത്യേക ആചാരങ്ങളുണ്ട്. ആ പരമ്പരാഗത ആചാരങ്ങൾ നമ്മൾ ആചരിക്കുക തന്നെ വേണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

ക്ഷേത്രങ്ങളിൽ പൂജാരികൾ ആവശ്യമാണ്. അവരുടെ പ്രവർത്തനങ്ങൾ ക്ഷേത്രത്തിന്റെ പൂജാവിധികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അയ്യപ്പൻ നെെഷ്ഠിക ബ്രഹ്മചാരിയാണ്. ക്ഷേത്രാചാരങ്ങൾ പാലിക്കപ്പെടേണ്ടതാണ്. ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണെന്നും അമൃതാനന്ദമയി ചൂണ്ടിക്കാട്ടി.