thejaswi-yadav-

കോൺഗ്രസ് പ്രാദേശിക കക്ഷികളെ ഉൾക്കൊള്ളണം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കാൻ രാജ്യത്ത് ഏറ്റവും അനുയോജ്യമായ പാർട്ടി ദേശീയതലത്തിൽ സ്വാധീനമുള്ള കോൺഗ്രസാണെന്ന് ആർ.ജെ.ഡി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. അതേസമയം കൂടുതൽ പ്രാദേശിക പാർട്ടികളെ ഉൾക്കൊള്ളാനും സഖ്യമുണ്ടാക്കാനുമുള്ള ഹൃദയവിശാലത കോൺഗ്രസിന് ഉണ്ടാവണമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർട്ടി. രാജ്യത്താകെ വേരുകളുള്ള രണ്ടാമത്തെ വലിയ പാർട്ടിയും കോൺഗ്രസാണ്. പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സീറ്റിൽ ജയിക്കാൻ ശേഷിയുള്ള പാർട്ടിയും കോൺഗ്രസാണ്. പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിന് കീഴിൽ അണിനിരന്നാൽ ദേശീയ തലത്തിൽ വൻ നേട്ടമുണ്ടാകും. കോൺഗ്രസ് സുപ്രധാന പങ്ക് വഹിക്കണമെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ ഓരോ സംസ്ഥാനത്തെയും പ്രാദേശിക കക്ഷികളെ കോൺഗ്രസ് ഉൾക്കൊള്ളണം. അങ്ങനെ ദേശീയ തലത്തിൽ ഐക്യനിര കെട്ടിപ്പടുക്കാൻ കോൺഗ്രസിന് സാധിക്കും. ബി. ജെ. പിക്കെതിരെയുള്ള പ്രതിപക്ഷ പോരാട്ടത്തെ നയിക്കാനും കോൺഗ്രസിന് കഴിയും.

ബീഹാറിൽ കോൺഗ്രസ്-ആർ.ജെ.ഡി സീറ്റ് വിഭജന ചർച്ച പുരോഗമിക്കുകയാണ്. കോൺഗ്രസിന് സ്വാധീനം കുറവുള്ള സംസ്ഥാനത്ത് പ്രാദേശിക കക്ഷികളെ കോൺഗ്രസ് മുന്നിൽ നിറുത്തണം. ജയ സാദ്ധ്യത മുന്നിൽ കണ്ട് മാത്രമാകണം സീറ്റ് വിഭജനമെന്നും തേജസ്വി പറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 44 സീറ്റാണ് ലഭിച്ചത്. തൃണമൂലിന് 34ഉം. എസ്‌.പിക്ക് അഞ്ച് സീറ്റ് മാത്രമാണ് കിട്ടിയത്. ആർ.ജെ.ഡിക്ക് നാല് സീറ്റും.

ഉത്തർ പ്രദേശിൽ ബി.എസ്.പി - എസ്.പി സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തേജസ്വിയുടെ പ്രതികരണം ഇങ്ങനെ- ' കോൺഗ്രസിനെ ഉൾപ്പെടുത്താതെയാണ് യു.പിയിൽ പ്രതിപക്ഷം സഖ്യമുണ്ടാക്കിയത്. എന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് അവരുടെ കൂട്ടായ്മ. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാം.

മമതാ ബാനർജി ശനിയാഴ്ച കൊൽക്കത്തയിൽ നടത്തിയ റാലിയിൽ തേജസ്വി യാദവും പങ്കെടുത്തിരുന്നു. ബി.ജെ.പിയെ എതിർക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത സമ്മേളനം നടത്തിയത്. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്താതെ സഖ്യം രൂപീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് ഗുണം ചെയ്യില്ല- മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനായ 29 വയസുകാരൻ തേജസ്വി യാദവ് പറഞ്ഞു.