up-

ലക്‌നൗ : ചെറുമകന്റെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വൃദ്ധ കാലുപിടിച്ചിട്ടും കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. രാജ്യത്തെ ഏറ്റവും മികച്ച മൂന്നു പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി തിരഞ്ഞെടുത്ത ലക്നൗവിലെ ഗുഡംബ സ്റ്റേഷനിലാണ് സംഭവം.

തന്റെ ചെറുമകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് 75കാരിയായ ബ്രഹ്മദേവി സ്റ്റേഷനിലെത്തിയത്. തേജ് പ്രകാശ് സിംഗ് എന്ന പൊലീസ് ഇൻസ്പെക്ടറാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. എന്നാൽ കേസെടുക്കാൻ തയ്യാറാകാതെ ഇൻസ്പെക്ടർ വൃദ്ധയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് വൃദ്ധയ്ക്ക് ഇൻസ്പെക്ടറുടെ കാലുപിടിക്കേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.

വീഡിയോയിൽ ബ്രഹ്മ ദേവി കൈകൂപ്പി കരഞ്ഞുകൊണ്ട് പൊലീസുകാരനോട് അപേക്ഷിക്കുന്നതും കാലിൽവീഴുന്നതും കാണാം. ഈ വീഡിയോ വൈറലാവുകയും ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയാവുകയും ചെയ്തതോടെയാണ് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ മണ്ഡലത്തിലാണ് പൊലീസ് സ്റ്റേഷൻ.

വീഡിയോ വൈറലായി പൊലീസുകാരനെതിരെ നടപടി വന്നതോടെ ആകാശ് യാദവിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.