കൊച്ചി: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന് വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ആരെയും അദ്ഭുതപ്പെടുത്തുന്നവയാണെന്ന് എെ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ. മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള എെ.എസ്.ആർ.ഒയുടെ പുതിയ പദ്ധതിയാണ് ഗഗൻയാൻ. ഇത്രയും കോടി രൂപ എന്തിനാണ് ബഹിരാകാശ പദ്ധതിക്ക് ഉപയോഗിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ.ശിവൻ.
'ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രമാണെന്നുള്ള സങ്കൽപം തെറ്റാണ്. ഇന്ത്യ ഒരു സമ്പന്ന രാഷ്ട്രമാണ്. ഉദ്പ്പാദനത്തിന്റെ കാര്യത്തിൽ മറ്റ് രാജ്യങ്ങളെക്കാലും മുന്നിലേക്ക് കുതിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒാരോ മിനിട്ടിലും 44 പേർ എന്ന തോതിൽ ദാരിദ്രരേഖയ്ക്ക് മുന്നിലെത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എെ.എസ്.ആർ.ഒക്ക് മുന്നിലുള്ള പ്രധാന പദ്ധതിയാണ് ഗഗൻയാൻ. ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ചതിന് ശേഷം എങ്ങിനെ സുരക്ഷിതമായി തിരിച്ചിറങ്ങാം എന്നാണ് എെ.എസ്.ആർ.ഒക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ളവരുടെ തോൽവികളിൽ നിന്നുള്ള പാഠങ്ങളാണ് നമ്മളിപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിൽ ലോകം അതിവേഗത്തിലാണ് കുതിക്കുന്നത്. ഇതിനോടൊപ്പം നമ്മുടെ യുവജനതയ്ക്കും എത്തേണ്ടതുണ്ട്. വരും കാലങ്ങളിൽ നിരവധി ന്യൂട്ടൻമാരും സി.വി.രാമന്മാരും ഐൻസ്റ്റീൻമാരും നമുക്കൊപ്പമുണ്ടാകുന്ന ദിനം വിദൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.