ayyappa-bhakta-sangamam

തിരുവനന്തപുരം: ആചാര സംരക്ഷണത്തിനായി ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമം സന്യാസിശ്രേഷ്ഠൻമാരുടെ സാന്നിദ്ധ്യം കൊണ്ടു പവിത്രമായി.കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മഠങ്ങളിലെ സന്യാസിമാർ വേദിയിലുണ്ടായിരുന്നു.

ചടങ്ങിൽ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതിയും അയ്യപ്പ ഭക്തസമിതി അദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ശബരിമലയിൽ ഇൗഴവർക്കും മലയരയ‌ർക്കും ഉണ്ടായിരുന്ന അവകാശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരിച്ചുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ശബരിമല ധർമ്മരക്ഷാപ്രതിജ്ഞ സംവിധായകൻ വിജിതമ്പി ചൊല്ലിക്കൊടുത്തു. ശതംസമർപ്പയാമി ധനസമാഹരണം കെ.പി.ശശികല ഏറ്റുവാങ്ങി. ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വേശ്വരതീർത്ഥ, ആർട്ട് ഒാഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവർ ആശംസാവീഡിയോ സന്ദേശങ്ങൾ നൽകി. ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ, ശബരിമല കർമ്മസമിതി ദേശീയ അദ്ധ്യക്ഷൻ ജസ്റ്റിസ് എൻ.കുമാർ, മുൻ പി.എസ്.സി.ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ, ആർ.എസ്. എസ്. സംസ്ഥാന സംഘചാലക് പി.ഇ.ബി.മേനോൻ, സംസ്ഥാന കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ, സി.പി.നായർ, ഒ.രാജഗോപാൽ എം.എൽ.എ, കവയിത്രി ഒ.വി.ഉഷ, അയ്യപ്പൻ പിള്ള, തുടങ്ങിയ പ്രമുഖരും വിവിധ സമുദായസംഘടനാ നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു. മുൻ ഡി.ജി.പി ടി.പി.സെൻകുമാർ സ്വാഗതം പറഞ്ഞു.

ശബരിമല ക്ഷേത്രത്തെ കുറിച്ച് കിളിമാനൂരിലെ ഷിബുനായർ നിർമ്മിച്ച വെബ്സൈറ്റ് ടി.പി.സെൻകുമാർ പ്രകാശനം ചെയ്തു.

നേരത്തെ പാളയത്തുനിന്ന് ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത നാമജപഘോഷയാത്രയും നടന്നു.