english-premiere-league
ENGLISH PREMIERE LEAGUE

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെൽസിയെ കീഴടക്കി ആഴ്സനൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു.

ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അലക്സാൻഡ്രെ ലക്കാസറ്റേ, ലോറന്റ് കോഷ്യൻലി എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ ജയം. 14-ാം മിനിട്ടിലായിരുന്നു ലക്കാസ്റ്റെയുടെ ഗോൾ. 39-ാം മിനിട്ടിൽ കോഷ്യൻൻലി സ്കോർ ചെയ്തു.

കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തിൽ 4-3 ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കിയ ലിവർപൂളാണ് പ്രിമിയർ ലീഗ് പോയിന്റ് നിലയിൽ ഒന്നാംസ്ഥാനത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് ബ്രൈട്ടൺ ആൻഡ് ഹോവിനെ കീഴടക്കി.

ലിവർപൂളിന് 23 മത്സരങ്ങളിൽനിന്ന് 60 പോയിന്റാണുള്ളത്. മാഞ്ചസ്റ്റർ സിറ്റിക്ക് 56 പോയിന്റായി. 44 പോയിന്റുമായി ആഴ്സനൽ അഞ്ചാം സ്ഥാനത്തും 47 പോയിന്റുമായി ചെൽസി നാലാംസ്ഥാനത്തുമാണ്.

ഇന്നലെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹഡേഴ്സ് ഫീൽഡ് ടൗണിനെ കീഴടക്കി. ഡാനിലോ (18-ാം മിനിട്ട്), റഹിം സ്റ്റെർലിംഗ്, ലെറോയ് സാനേ (56) എന്നിവരാണ് സിറ്റിക്കുവേണ്ടി സ്കോർ ചെയ്തത്.