reshma-nishanth

ശബരിമല : പ്രതിഷേധത്തെതുടർന്ന് കഴിഞ്ഞ ദിവസം മല കയറാതെ തിരിച്ചിറങ്ങിയ രേഷ്മ നിഷാന്തും ഷാനിലയും അയ്യപ്പദർശനം നടത്തിയെന്ന് റിപ്പോർട്ട്. പൊലീസിന്റെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ഇവർ ശബരിമല കയറിയതെന്ന് വിവിധ ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ പൊലീസോ സർക്കാരോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ശബരിമല ദർശനത്തിന് ഇവരെ സഹായിച്ച എന്ന ഫേസ്ബുക്ക് കൂട്ടായ്മ തങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലും ദർശനം സംബന്ധിച്ച സൂചനകൾ ഉണ്ട്.

ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവർ ആദ്യം തിരിച്ചിറങ്ങി. പക്ഷെ രണ്ടാമതും എത്തി. പൊലീസുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു ഇവർ രണ്ടാമതും എത്തിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഇരുവരും ദർശനം നടത്താൻ എത്തുന്നു എന്ന വാർത്ത പൊലീസ് തന്നെ പുറത്തു വിട്ടു. തുടർന്ന് മാദ്ധ്യമങ്ങളും പ്രതിഷേധക്കാരും നിലയ്ക്കലിൽ രേഷ്മയെയും ഷാനിലയും പ്രതീക്ഷിച്ചു നിൽക്കവെ ഇരുവരുമായി സാദൃശ്യമുള്ള രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇവരുടെ വേഷത്തിൽ പൊലീസ് തിരിച്ചയച്ചതായാണ് വിവരം. ഇതിനെ തുടർന്നാണ് ഇരുവരും തിരിച്ചു പോയെന്ന് മാദ്ധമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും പറയുന്നു. മാദ്ധ്യമങ്ങളും പ്രതിഷേധക്കാരും ഇവർക്കു പിന്നാലെ പോയപ്പോഴാണ് യുവതികളെയും കൊണ്ട് പൊലീസ് സന്നിധാനത്തെത്തിയതെന്നാണ് വാർത്തകൾ.

സന്നിധാനത്ത് എത്തിയ ഇരുവരും പതിനെട്ടാം പടി ചവിട്ടാതെയാണ് ദർശനം നടത്തി മടങ്ങിയതെന്നും വിവരമുണ്ട്. രേഷ്മയും ഷാനിലയും ദർശനം നടത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും സമ്മതമില്ലാതെ അത് പുറത്തു വിടില്ലെന്നും രേഷ്മയുടെയും ഷാനിലയുടെയും വീടിന് പൊലീസ് സംരക്ഷണം നൽകിയെന്നും പറയപ്പെടുന്നു.

എന്നാൽ പൊലീസോ സർക്കാരോ യുവതികളോ ഇത് സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചിട്ടില്ല.