vk-sasikala-

ബെംഗളൂരു∙ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല ജയിലിൽ കഴിയുന്നത് വി.ഐ.പിയായി. അഞ്ച് മുറികളും അടുക്കളയും ഭക്ഷണം തയ്യാറാക്കുന്നത് പ്രത്യേക പാചകക്കാരിയുമായി സ്വന്തം വീടുപോസെയാണ് ജയിൽവാസമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കൂടാതെ സന്ദർശകർക്ക് എപ്പോഴ നേണമെങ്കിലും ശശികലയെ കാണാനും സൗകര്യമുണ്ട്. വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി നൽകിയ അപേക്ഷയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.

ടെലിവിഷൻ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, നോൺ വെജിറ്റേറിയൻ ഭക്ഷണം എന്നിവയായിരുന്നു ശശികല ജയിലിൽ ആവശ്യപ്പെട്ടത്‌. ജയിലിലെ നാലു മുറികളിൽ കഴിഞ്ഞിരുന്ന വനിതാ തടവുകാരെ മാറ്റിയാണ് 2017 ഫെബ്രുവരി 14 മുതൽ‌ ശശികലയ്ക്ക് അഞ്ച് മുറികൾ അനുവദിച്ചത്. ജയിലിൽ പ്രത്യേകം ഭക്ഷണം പാകം ചെയ്യുന്നതിന് അനുമതിയില്ലെങ്കിലും ഒരു തടവുകാരിയെ ശശികലയ്ക്കു ഭക്ഷണം ഉണ്ടാക്കുന്നതിനായി ജയിൽ അധികൃതർ‌ നിയോഗിച്ചു. ശശികലയെ കാണുന്നതിനു സംഘമായാണ് ആളുകളെത്തുന്നത്. നേരിട്ട് ശശികലയുടെ മുറിയിലെത്തുന്ന സന്ദർശകർ 3–4 മണിക്കൂർ വരെ ജയിലിൽ ചെലവഴിക്കാറുണ്ടെന്നും നരസിംഹ മൂർത്തി ആരോപിച്ചു.

ശശികലയ്ക്കെതിരെ സമാനമായ കണ്ടെത്തലുമായി നേരത്തേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി. രൂപ രംഗത്തെത്തിയിരുന്നു. 2 കോടി രൂപയോളം കൈക്കൂലി നൽകിയാണ് ശശികല ജയിലിൽ വി.ഐ.പി പരിഗണന സ്വന്തമാക്കിയതെന്നും തന്റെ മേലുദ്യോഗസ്ഥനായ ഡയറക്ടർ ജനറൽ ഓഫ് പ്രിസൻസ് എച്ച്.എൻ. സത്യനാരായണ റാവുവിനും ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ ഇതിനു പിന്നാലെ ഡി. രൂപയെ സ്ഥലംമാറ്റുകയായിരുന്നു.