കൊച്ചി: ശമനമില്ലാതെ തുടരുന്ന ആഗോള വ്യാപാരയുദ്ധം ഈ പുതുവർഷത്തിലും റബറിന്റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയേക്കും. ആഗോള സമ്പദ്രംഗം തളർച്ചയുടെ ട്രാക്കിലായിരിക്കുമെന്ന് പ്രമുഖ ധനകാര്യ, റേറ്രിംഗ് സ്ഥാപനങ്ങൾ ഒരേ സ്വരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക-ചൈന വ്യാപാരപ്പോരാണ് പ്രധാന തിരിച്ചടി.
സാമ്പത്തികമാന്ദ്യം റബറിന്റെ ഡിമാൻഡിനെയും ബാധിക്കും. ഡോളറിന്റെ അപ്രമാദിത്തം, ക്രൂഡോയിൽ വിലക്കുതിപ്പ് എന്നിവയും റബർ വിലയെ സ്വാധീനിക്കും. ഉത്പാദനം കൂടുന്നതിന് ആനുപാതികമായി ഉപഭോഗം ഉയരുന്നില്ലെന്നതും റബറിനെ വലയ്ക്കും.
2018ൽ ആഗോള റബർ ഉപഭോഗം 5.2 ശതമാനം വളരുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഈ വർഷം വളർച്ച 4.2 ശതമാനത്തിലേക്ക് താഴും. 14.590 ദശലക്ഷം ടണ്ണായിരിക്കും ഈ വർഷം ആഗോള ഉപഭോഗം. ആഗോള റബർ ഉപഭോഗത്തിന്റെ 40 ശതമാനം പങ്കുംവഹിക്കുന്ന ചൈനയിലെ ഡിമാൻഡ് ഈ വർഷം 3.2 ശതമാനം ഉയരും. 2017ൽ ചൈനീസ് വിപണി കുറിച്ച ഉപഭോഗ വളർച്ച 7.5 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 5.3 ശതമാനവും. 5.85 ദശലക്ഷം ടൺ മാത്രം റബറായിരിക്കും ഈ വർഷം ചൈന വാങ്ങുക.
ഇന്ത്യയിലെ ഉപഭോഗ വളർച്ച നാല് ശതമാനത്തിലേക്ക് ഒതുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. 2018ൽ 12.6 ശതമാനം വർദ്ധനയോടെ 1.218 ദശലക്ഷം ടൺ സ്വാഭാവിക റബറായിരുന്നു ഇന്ത്യയിലെ ഉപഭോഗം. ആഗോള റബർ ഉപഭോഗത്തിന്റെ ഒമ്പത് ശതമാനമാണ് ഇന്ത്യയുടെ പങ്ക്. വാണിജ്യ വാഹനങ്ങൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് കഴിഞ്ഞവർഷം ഇന്ത്യൻ റബർ വിപണിക്ക് ഗുണം ചെയ്തത്.
അതേസമയം, ഈ വർഷം സ്വാഭാവിക റബർ ഉത്പാദനം ആഗോള തലത്തിൽ 6.6 ശതമാനം ഉയർന്ന് 14.844 ദശലക്ഷം ടണ്ണാകുമെന്ന് വിലയിരുത്തപ്പെടുന്നു. 2018ൽ ഉത്പാദന വളർച്ച 4.3 ശതമാനമായിരുന്നു. തായ്ലൻഡ്, ഇൻഡോനേഷ്യ, മലേഷ്യ, ചൈന എന്നിവിടങ്ങളിലായിരിക്കും ഉത്പാദനം വർദ്ധിക്കുക. അതേസമയം, ഇന്ത്യയിൽ ഉത്പാദന ഇടിവ് തുടരാനും ഇറക്കുമതി ട്രെൻഡ് കൂടാനുമാണ് സാദ്ധ്യത. 2018ൽ ഇന്ത്യയിലെ റബർ ഉത്പാദനം 9.5 ശതമാനം കുറഞ്ഞ് 6.45 ലക്ഷം ടണ്ണിൽ ഒതുങ്ങിയിരുന്നു. വിലത്തകർച്ച മൂലം കേരളത്തിലെ കർഷകർ ടാപ്പിംഗിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് പ്രധാന കാരണം.