ആഡംബര കാർ എന്ന് കേൾക്കുമ്പോൾ ഇന്ത്യക്കാരുടെ മനസിൽ ആദ്യം തെളിയുന്ന ചില ബ്രാൻഡുകളുണ്ട് - മെഴ്സിഡെസ്- ബെൻസ്, ഔഡി, ബി.എം.ഡബ്ള്യു എന്നിവ. ഇവയുടെ വലിയ സെഡാനും എസ്.യു.വികളും ആഡംബര യാത്രയുടെ പ്രതീകങ്ങളായി ഇന്ത്യക്കാരുടെയുള്ളിൽ പതിഞ്ഞു കഴിഞ്ഞു.
എന്നാൽ, ആഡംബരം ഒരു കുഞ്ഞുലോകത്തിലൊതുക്കി ലോകത്തിന്റെ ശ്രദ്ധ നേടിയ പ്രമുഖ ബ്രിട്ടീഷ് ബ്രാൻഡാണ് മിനി. ബി.എം.ഡബ്ള്യുവിന്റെ ഉപ ബ്രാൻഡാണെങ്കിലും ആഗോള തലത്തിൽ വാഹന പ്രേമികൾക്കിടയിൽ സ്വന്തമായൊരു സ്ഥാനം നേടാൻ മിനിക്ക് സാധിച്ചിട്ടുണ്ട്.
മിനിയുടെ വിഖ്യാത മോഡലായ കൂപ്പറിന്റെ പുത്തൻ പതിപ്പാണ് കൂപ്പർ എസ് ഫേസ്ലിഫ്റ്ര്. 'കാബ്രിയോളെ" (മേൽക്കൂര അടയ്ക്കാനും തുറക്കാനും പറ്റുന്ന മോഡൽ) ശ്രേണിയിലെത്തുന്ന പുത്തൻ കൂപ്പർ എസിന്റെ പ്രധാന സവിശേഷത ഏതൊരാളുടെയും മനം കവരുന്ന കൗതുകവും ലാളിത്യവും നിറയുന്ന രൂപകല്പന തന്നെ. മുൻഗാമികളിൽ നിന്ന് പുത്തൻ കൂപ്പർ എസ് ഫേസ്ലിഫ്റ്രിലേക്ക് എത്തുമ്പോൾ പ്രധാന മാറ്രം പുതിയ ലൈറ്രിംഗ് എലമെന്റുകളാണ്.
പുത്തൻ ഹെഡ്ലാമ്പിനൊപ്പം പുതിയ എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഇടംപിടിച്ചിരിക്കുന്നു. പിന്നിലെ ടെയ്ൽ ലാമ്പ്, മിനിയുടെ പ്രശസ്തമായ 'ബ്രിട്ടീഷ് ദേശീയ പതാക - യൂണിയൻ ജാക്കിന്റെ" ശൈലിയിൽ തന്നെ തീർത്തിരിക്കുന്നു. ആ ഭംഗി, ഏവരെയും കീഴ്പ്പെടുത്തുമെന്നതിൽ സംശയമില്ല.
കൂപ്പർ എസ് ഫേസ്ലിഫ്റ്രിലും മിനി തനത് രൂപകല്പനാ ശൈലി തന്നെ പാലിച്ചിരിക്കുന്നു. 17-ഇഞ്ച് അലോയ് വീലുകളും തികച്ചും സോഫ്റ്റായ റൂഫ് ടോപ്പും ഈ കുഞ്ഞൻ കാറിനെ മനോഹരമാക്കുന്നു. വെറും 20 സെക്കൻഡ് കൊണ്ട് മേൽക്കൂര അടയ്ക്കാനും തുറക്കാനും കഴിയും. ത്രീഡി പ്രിന്റഡ് ഗ്രാഫിക്സ്, റൂഫ് ഫാബ്രിക്സ് എന്നിവയിൽ ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്യാനും ഓപ്ഷനുണ്ട്. യൂണിയൻ ജാക്കിന്റെ സ്വാധീനം അകത്തളത്തിലും കാണാം. ഡാഷ്ബോർഡ് ഇതിനനുസരിച്ച് സജ്ജീകരിക്കാനാകും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ളേ തുടങ്ങിയവയുടെ പിന്തുണയുള്ള പുതിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് അകത്തളത്തിലുള്ളത്.
189 ബി.എച്ച്.പി കരുത്തും 280 ന്യൂട്ടൺ മീറ്രർ പരമാവധി ടോർക്കുമുള്ള 2-ലിറ്റർ ടർബോ ചാർജ്ഡ് എൻജിനാണ് കുഞ്ഞൻ കൂപ്പർ എസ് ഫേസ്ലിഫ്റ്റിനെ നിയന്ത്രിക്കുന്നത്. യാത്രികർക്ക് ഒരു 'ഫൺ" റൈഡിംഗ് അനുഭവം സമ്മാനിക്കുന്ന എൻജിനെന്ന് ഇതിനെ നിസംശയം വിശേഷിപ്പിക്കാം. നഗരനിരത്തുകളിലും വളവും തിരിവും ഒട്ടേറെയുള്ള പ്രദേശങ്ങളിലും മികച്ച യാത്രാസുഖം തന്നെ മിനി കൂപ്പർ എസ് നൽകും. കരുത്തേറിയ ഷാസി ഉൾപ്പെടെ മികച്ച സുരക്ഷാ സജ്ജീകരണങ്ങളും മികവാണ്. 37 ലക്ഷം രൂപയാണ് കാറിന് ന്യൂഡൽഹി എക്സ് ഷോറൂം വില.