ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്ടോബർ - ഡിസംബറിൽ എച്ച്.ഡി.എഫ്.സി ബാങ്ക് 20.3 ശതമാനം വർദ്ധനയോടെ 5,585.85 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 4,642.60 കോടി രൂപയായിരുന്നു തൊട്ടുമുൻ വർഷത്തെ സമാന പാദത്തിലെ ലാഭം. അറ്റ പലിശ വരുമാനത്തിലുണ്ടായ 21.93 ശതമാനം കുതിപ്പ് ബാങ്കിന് കഴിഞ്ഞപാദത്തിൽ വൻ നേട്ടമായി. 12,576.75 കോടി രൂപയാണ് ഈയിനത്തിൽ ബാങ്ക് നേടിയത്.
നിക്ഷേപത്തിന് നൽകുന്നതും വായ്പകളിന്മേൽ ഈടാക്കുന്നതുമായ പലിശയുടെ വ്യത്യാസമാണ് അറ്റ പലിശ വരുമാനം. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി മുൻവർഷത്തെ സമാന പാദത്തിലെ 1.29 ശതമാനത്തിൽ നിന്ന് 1.38 ശതമാനത്തിലേക്ക് ഉയർന്നു. ജൂലായ്-സെപ്തംബർ പാദത്തിൽ ഇത് 1.33 ശതമാനമായിരുന്നു.
കിട്ടാക്കടം തരണം ചെയ്യാനായി നീക്കിവയ്ക്കുന്ന തുക 1,351.44 കോടി രൂപയിൽ നിന്ന് 63.64 ശതമാനം ഉയർന്ന് 2,211.53 കോടി രൂപയിലെത്തി. ഡിസംബർ 31ലെ കണക്കുപ്രകാരം 11.68 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ മൊത്തം ബാലൻസ് ഷീറ്ര് മൂല്യം. മുൻവർഷത്തെ സമാന കാലയളവിൽ ഇത് 9.49 ലക്ഷം കോടി രൂപയായിരുന്നു.