ന്യൂഡൽഹി: റെഡ്മി നോട്ട് 5 പ്രൊ, നോട്ട് 6 പ്രോ എന്നിവ വിപണിയിൽ വൻ വിജയക്കൊയ്ത്ത് നടത്തിയതിന് പിന്നാലെ ഷവോമി ഒരുക്കിയ പുത്തൻ പതിപ്പായ റെഡ്മി നോട്ട് 7 പ്രൊയുടെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നു.
കഴിഞ്ഞയാഴ്ച ഷവോമി ചൈനീസ് വിപണിക്ക് ഈ സ്മാർട്ഫോൺ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ, വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. കമ്പനി അടുത്തമാസം നടക്കുന്ന ലോഞ്ചിംഗ് വേളയിൽ പുറത്തുവിടാനായി രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങളാണ് ചൈനീസ് മൈക്രോ ബ്ലോഗ്ഗിംഗ് വെബ്സൈറ്രായ വെയ്ബോയിലൂടെ ചോർന്നത്.
ഉയർന്ന പെർഫോമൻസ് ഉറപ്പാക്കുന്ന സ്നാപ്ഡ്രാഗൺ 675 എസ്.ഒ.സി പ്രൊസസറായിരിക്കും ഫോണിലുണ്ടാവുകയെന്നാണ് പുറത്തുവന്ന വിവരം. പിന്നിൽ 48 മെഗാ പിക്സൽ പ്രൈമറി കാമറ സെൻസറും ഇടംപിടിക്കും. അതിവേഗ ബാറ്രറി ചാർജിംഗ് സംവിധാനം, അൾട്ര എച്ച്.ഡി 4കെ വീഡിയോ റെക്കോഡിംഗ് തുടങ്ങിയ സവിശേഷതകളും നോട്ട് 7 പ്രൊയ്ക്കുണ്ടാകും. ഫോണിന് പ്രതീക്ഷിക്കുന്ന വില 15,800 രൂപ.