തിരുവനന്തപുരം: കേരളത്തിൽ സവർണൻ ആരെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളുവെന്ന് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന അയ്യപ്പഭക്ത സംഘമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തിലെ സവർണൻ ആരെന്ന് സമുദായാചാര്യൻ മന്നത്ത് പദ്‌മനാഭൻ തന്റെ ആത്മകഥയായ എന്റെ ജീവിത സ്‌മരണകളിൽ പറയുന്നുണ്ട്. അതുപ്രകാരം ഇവിടെ ഒരു സവർണവിഭാഗമേയുള്ളു. കേരള ബ്രാഹ്മണൻ എന്നു വിളിക്കുന്ന, ജനസംഖ്യയുടെ അര ശതമാനം പോലുമില്ലാത്ത നമ്പൂതിരി വിഭാഗം'- സെൻകുമാർ പറഞ്ഞു.
ചടങ്ങിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും സെൻകുമാർ പ്രശംസിച്ചു. ആർജവവും നട്ടെല്ലുമുള്ള നേതൃത്വമാണ് എൻ.എസ്.എസിനുള്ളതെന്നും, ആചാര സംരക്ഷണ പോരാട്ടത്തിൽ എൻ.എസ്.എസ് നൽകിയ പിന്തുണ വലുതാണെന്നും സെൻകുമാർ വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പിൽ ആചാരവിരുദ്ധർക്കെതിരെ ജനങ്ങൾ അവരുടെ കൈയിലുള്ള വജ്രായുധം പ്രയോഗിക്കണമെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു. ശബരിമല കർമ്മസമിതിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ കൂടിയാണ് സെൻകുമാർ.