ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബർവാനിയിൽ ബി.ജെ.പി നേതാവ് ജിതേന്ദ്ര സോണിയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. ആറുപേരോളം അടങ്ങുന്ന അക്രമിസംഘം സ്വർണവ്യാപാരികൂടിയായ ജിതേന്ദ്രയിൽ നിന്ന് സ്വർണാഭരണങ്ങളും 30 കിലോയോളം വെള്ളിയും പണവുമാണ് കവർന്നത്. ചാർവിയിലെ മാർക്കറ്റിൽ നിന്നും ജിതേന്ദ്ര തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം നടന്നത്.
അദ്ദേഹത്തിന്റെ കാറിന്റെ താക്കോലുമായിട്ടാണ് മോഷ്ടാക്കൾ കടന്നത്. പരിക്കേറ്റ ജിതേന്ദ്രയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബർവാനിയിൽ തന്നെ ബി.ജെ.പി നേതാവായ മനോജ് താക്കറയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ പ്രഭാത നടത്തത്തിനായി പോയ മനോജ് താക്കറയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോര പറ്റിയ നിലയില്‍ സമീപത്ത് നിന്ന് ഒരു കല്ലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഈ കല്ല് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ ബി.ജെ.പി നേതാവായ പ്രഹ്ലാദ് ബദ്ധ്വറിനെയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിറ്റേദിവസം മറ്റൊരു ബി.ജെ.പി പ്രവർത്തകനെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.