sabarimala

തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണത്തിന് മറുപടി നൽകാൻ തന്ത്രിക്ക് രണ്ടാഴ്‌ച സമയം നൽകി. സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചു. ശബരിമലയിൽ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിനു പിന്നാലെയായിരുന്നു തന്ത്രി കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. മറുപടി നൽകാനുള്ള സാവകാശം ഇന്നായിരുന്നു അവസാനിക്കുന്നത്ത്. തന്ത്രി കണ്ഠരര് രാജീവരര് മറുപടി തയ്യാറാക്കാൻ നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി.

നേരത്തെ ശുദ്ധിക്രിയ നടത്തിയ നടപടിയിൽ കാരണം കാണിക്കൽ ആവശ്യപ്പെട്ട് പട്ടികജാതി വർഗ കമ്മീഷൻ തന്ത്രിക്ക്‌ നോട്ടീസ് നൽകിയിരുന്നു. കമ്മിഷൻ അംഗം എസ് അജയകുമാറാണ് നോട്ടീസ് നൽകിയത്. ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാർ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അജയകുമാർ ഇക്കാര്യം അറിയിച്ചത്.

ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാവാന്‍ തന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുമ്പാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മിഷൻ അംഗമായ തന്ത്രിയക്ക് താൻ ഷോകോസ് നോട്ടീസ് അയച്ചിട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം, ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്‌ത് സമർപിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോർഡിനില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗലുരു സ്വദേശി വി രഞ്ജിത് ശങ്കറാണ് ഹർജി നൽകിയിരിക്കുന്നത്. തന്ത്രിക്ക് കാണിക്കൽ നോട്ടീസ് നൽകിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഹർജി.