തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെക്കുറിച്ച് നമ്മുടെ മനസിലുള്ള സങ്കൽപ്പത്തിന് ഒട്ടും കുറവ് വരാതെ അഭ്രപാളികളിൽ ചിത്രീകരിക്കുന്നതിൽ കേരളകൗമുദി വിജയിച്ചതായി പരമ്പരയുടെ ആദ്യഭാഗം കണ്ടപ്പോൾ മനസിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരള നവോത്ഥാന ചരിത്രത്തിലെ ആത്മീയസൂര്യനായ ശ്രീനാരായണ ഗുരുദേവന്റെ ജീവിത മുഹൂർത്തങ്ങളും ചരിത്രഗതി മാറ്റിയ കർമ്മപഥങ്ങളും ഉൾപ്പെടുത്തി കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു" മെഗാ പരമ്പരയുടെ പ്രിമിയർ ട്രെയിലർ പ്രദർശനചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിനെ കണ്ടിട്ടില്ലാത്തവർക്കായി ഗുരുവിന്റെ മനസും ശരീരവും സമൂഹത്തിന് മുന്നിലെത്തിക്കാനാവും വിധം പരമ്പരയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഗുരുദേവന്റെ ജീവിതം ഇത്തരത്തിൽ ചിത്രീകരിച്ച് സമൂഹത്തിന് മുന്നിലെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിൽ കേരളകൗമുദി വിജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'മഹാഗുരു" പരമ്പരയുടെ പ്രചാരണാർത്ഥം കേരളമൊട്ടാകെ നടത്തുന്ന റോഡ് ഷോ മുഖ്യമന്ത്രി പിണറായി വിജയൻ കൗമുദി ടിവി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി റെജിയ്ക്ക് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു. 'മഹാഗുരു' വിന്റെ നിർമ്മാതാവ് ദർശൻരവി, സംവിധായകൻ ഡോ. മഹേഷ് കിടങ്ങിൽ, തിരക്കഥാകൃത്ത് മഞ്ചുവെള്ളായണി എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു. കൈരളി തിയറ്ററിൽ നടന്ന ചടങ്ങിൽ കൗമുദി ടിവി പ്രോഗ്രാംസ് ചീഫ് ഡോ. മഹേഷ് കിടങ്ങിൽ സ്വാഗതം ആശംസിച്ചു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി. സുധാകരൻ, ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മേയർ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വി.എം.സുധീരൻ, എം.എൽ.എമാരായ സി.ദിവാകരൻ, വി.എസ്. ശിവകുമാർ, കെ.മുരളീധരൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കേരളകൗമുദി ചീഫ് എഡിറ്രർ ദീപുരവി, കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി,കേരള കൗമുദി ഡെപ്യൂട്ടി എഡിറ്രർമാരായ വി.എസ് രാജേഷ്, എം.എം സുബൈർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 30 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ ആണ് റോഡ് ഷോയിൽ പ്രദർശിപ്പിക്കുന്നത്.
പാറശ്ശാലയിൽ നിന്ന് റോഡ് ഷോ അരുവിപ്പുറം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി, ആലുവ അദ്വൈതാശ്രമം തുടങ്ങി ഗുരുദേവനുമായി ബന്ധപ്പെട്ട പുണ്യകേന്ദ്രങ്ങളിലൂടെ കടന്ന് കാസർകോട്ട് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ 'മഹാഗുരു" ട്രെയിലർ പ്രദർശിപ്പിക്കും. ശ്രീനാരായണ ഗുരുദേവനെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ, ഗുരുവിന്റെ ജനനം, ബാല്യം, കൗമാരം, വാരണപ്പള്ളിയിലെ വിദ്യാഭ്യാസം, വിവാഹം, മരുത്വാമലയിലെ തപസ്, അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരി ശാരദാപ്രതിഷ്ഠ, മറ്റു ക്ഷേത്ര പ്രതിഷ്ഠകൾ എന്നിവ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, തൈക്കാട് അയ്യാഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി, ഡോ. പല്പു, മഹാകവി കുമാരനാശാൻ, വെളുത്തേരി, പെരുന്നല്ലി, മൂലൂർ, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, സി.വി. കുഞ്ഞുരാമൻ, ശിവലിംഗദാസ സ്വാമി, ഭൈരവൻ ശാന്തി തുടങ്ങി നൂറുകണക്കിന് ചരിത്രപുരുഷന്മാർ കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ ഗുരുവുമായി ബന്ധപ്പെട്ട അദ്ഭുത കഥകൾ, നർമ്മ കഥകൾ, കാരുണ്യ കഥകൾ എന്നിവയുമുണ്ടാകും. നൂറ് എപ്പിസോഡുകളായാണ് പരമ്പര പൂർത്തിയാവുക.