matha-amrithanandamayi

ദേവസ്വം മന്ത്രി നേരിട്ടെത്തി അഭ്യർത്ഥിച്ചിട്ടും, ശബരിമല കർമസമിതി യോഗത്തിനെത്തിയതിനാൽ അമൃതാനന്ദമയിക്കെതിരെ സൈബർ സഖാക്കളുടെ ആക്രമണം വർദ്ധിക്കുമെന്ന് അഡ്വ.ജയശങ്കർ. ശബരിമല പ്രവേശനത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയോ, വനിത മതിലിൽ പങ്കെടുക്കുകയോ, ശബരിമല ദർശനം നടത്തിയ കനകദുർഗയെയും ബിന്ദുവിനെയും അനുമോദിക്കുകയോ ചെയ്യാത്തതിനാൽ അമൃതാനന്ദമയി നവോത്ഥാന നായികല്ലെന്നും, ഈ കാഴ്ചപാടുള്ളവർക്ക് അവർ ശബരിമല കർമസമിതിയുടെ പുത്തരിക്കണ്ടം യോഗത്തിൽ പ്രസംഗിച്ചതിനാൽ ഇനി പാർട്ടിയും വർഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ലെന്നും അഡ്വ. ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. പ്രതിഷേധിച്ചവർ അമൃതാ ഡീംഡ് യൂണിവേഴ്സിറ്റി നൽകിയ ബിരുദം തിരിച്ചു കൊടുക്കാനും ആലോചനയുണ്ടെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമൃതാനന്ദമയി നവോത്ഥാന നായികയല്ല.

അവർ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല, വനിതാ മതിലിൽ പങ്കെടുത്തില്ല, ശബരിമല കീഴടക്കിയ കനകദുർഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല.

അതൊക്കെ പോകട്ടെ എന്നു വെക്കാം. ദേവസ്വം മന്ത്രിയുടെ അഭ്യർത്ഥനയും പാർട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് ശബരിമല കർമസമിതിയുടെ പുത്തരിക്കണ്ടം യോഗത്തിൽ പ്രസംഗിച്ചു.

ഇനി വിട്ടുവീഴ്ചയില്ല. പാർട്ടിയും വർഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ല. ആൾദൈവത്തിനും ആലിംഗനത്തിനും എതിരായ സമരം ശക്തമാക്കും. കോടിയേരി ബാലകൃഷ്ണൻ അതിനു തുടക്കം കുറിച്ചു കഴിഞ്ഞു. സൈബർ സഖാക്കൾ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു. സാംസ്‌കാരിക നായകരുടെ പ്രസ്താവന ഉടൻ പുറത്തുവരും.

അമൃതാ ഡീംഡ് യൂണിവേഴ്സിറ്റി നൽകിയ ബിരുദം തിരിച്ചു കൊടുക്കാനും ആലോചനയുണ്ടത്രേ.