കോട്ടയം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് ആത്മീയതയുടെ മറവിൽ നടന്നതെല്ലാം രാഷ്ട്രീയ നാടകങ്ങളാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വീണുകിട്ടിയ അവസരങ്ങളെല്ലാം രാഷ്ട്രീയക്കാർ പരമാവധി പ്രയോജനപ്പെടുത്തി. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരും.ഇതുവരെയുള്ള രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പിയാണ്. എന്നാൽ ഇനി എന്തുണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം കോട്ടയത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ആത്മീയ സമ്മേളനം എന്ന് പ്രഖ്യാപിച്ചിട്ടാണ് കഴിഞ്ഞ ദിവസം അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. നായാടി മുതൽ നമ്പൂതിരി വരെയുള്ള സമുദായങ്ങളുടെ ഐക്യമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സവർണ ഐക്യമാണ് ആ വേദിയിൽ ഉണ്ടായത്. പിന്നെ നാമമാത്രമായ ചിലരെ അവിടെ പ്രതിഷ്‌ഠിക്കാൻ കഴിഞ്ഞു. അവർണരെയും പിന്നാക്കക്കാരെയും ആ വേദിയിൽ കണ്ടില്ല. യോഗത്തിൽ മാതാ അമൃതാനന്ദമയി വരുമെന്നും ചടങ്ങിലേക്ക് വരണമെന്നും സംഘാടകർ തന്നോട് ആവശ്യപ്പെട്ടിരുന്നു. മാതാ അമൃതാനന്ദമയി ആത്മീയ പ്രഭാഷണം നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇങ്ങനെയൊരു അജണ്ടയുണ്ടെന്ന് പിന്നീടാണ് മനസിലായത്. എന്തായാലും പോകാതിരുന്നത് മഹാഭാഗ്യമായിപ്പോയി. പോയിരുന്നെങ്കിൽ കെണിയിൽ വീഴുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പനെ വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ മതിലിന്റെ ആശയങ്ങളൊക്കെ നല്ലതായിരുന്നു. എന്നാൽ അത് കഴിഞ്ഞതിന്റെ പിറ്റേന്ന് യുവതികളെ ശബരിമലയിൽ കയറ്റാൻ പൊലീസ് ശ്രമിച്ചത് ശരിയായില്ല. പിറ്റേന്ന് വനിതാ മതിൽ കെണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. കോടതി വിധി ഉള്ളത് കൊണ്ട് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. എന്നാൽ ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിൽ വീഴ്‌ച പറ്റി. മറുഭാഗത്ത് ബി.ജെ.പി നല്ലത് പോലെ മുതലെടുത്തുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.