chief

ന്യൂഡൽഹി: സി.ബി.ഐ കേസ് പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റ‌ി‌സ് രഞ്ജൻ ഗൊഗോയ് പിന്മാറി. സി.ബി.ഐ താല്കാലിക ഡയറക്ടർ നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരെ ഹർജി കേൾക്കുന്നതിൽ നിന്നാണ് അദ്ദേഹം പിന്മാറിയത്.

എന്നാൽ ഈ മാസം 24ന് സി.ബി.ഐ ഡയറക്ടറുടെ നിയമനത്തിനായി നടത്തുന്ന സെലക്ഷൻ കമ്മറ്റിയിൽ ചീഫ് ജസ്റ്റ‌ി‌സും പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടാണ് നാഗേശ്വര റാവുവിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനാവില്ലെന്ന കാര്യം ചീഫ് ജസ്റ്റ‌ി‌സ് വ്യക്തമാക്കിയത്. നേരത്തേ അലോക് വർമ്മ നൽകിയ ഹർജി പരിഗണിച്ച സാഹചര്യം ചൂണ്ടിക്കാട്ടി സെലക്ഷൻ സമിതിയിൽ ചീഫ് ജസ്റ്റ‌ി‌സ് രഞ്ജൻ ഗൊഗോയ് പങ്കെടുക്കാതെ പകരം എ.കെ സിക്രിയെ സമിതിയിലേക്ക് അയച്ചിരുന്നു.

പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മറ്റിയിൽ ചീഫ് ജസ്റ്റ‌ി‌സ് അംഗമായതിനാലാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റ‌ി‌സ് എ.കെ സിക്രി അധ്യക്ഷനായ രണ്ടാം നമ്പർ കോടതിയിൽ ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റ‌ി‌സ് രഞ്ജൻ ഗൊഗോയ് അറിയിച്ചു.

ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വര റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് ഹർജി സമർപ്പിച്ചത്. നാഗേശ്വര റാവുവിനെ മാറ്റി സ്ഥിരം ഡയറക്ടറെ നിയമിക്കണം എന്നാണ് പ്രശാന്ത് ഭൂഷണിന്റെ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം.