മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങൾ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായി നടി സേതുലക്ഷ‌്‌മി. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് സേതുലക്ഷ്‌മി ഇക്കാര്യം വെളിപ്പെടുത്തിയത്. പൊന്നമ്മ ബാബു പ്രശ്‌നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലർ കരുതിയത്. എന്നാൽ അതോടുകൂടി തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം നിൽക്കുകയായിരുന്നെന്ന് സേതുലക്ഷ്‌മി പറയുന്നു.
'മകന് ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്‌നി മാറ്റിവയ്‌ക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷൻ ചെയ്‌തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചിലവ് മുഴുവൻ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാൾ സമ്മതിച്ചു. അതിനിടയിൽ പൊന്നമ്മ ബാബു ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു. പൊന്നമ്മ ചോദിച്ചു,' ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്‌നി O പോസിറ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്‌ട്രോൾ ഉണ്ട്'. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ അവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്‌മസ് ആയി. അവർക്ക് കുറേ സ്വീകരണങ്ങളൊക്കെയായി.
അപ്പോൾ ജനങ്ങൾ വിചാരിച്ചു എല്ലാം ശരിയായെന്ന്. പക്ഷേ ചിലർ പറയുന്നത് പൊന്നമ്മയ്‌ക്ക് എല്ലാം അറിയാമായിരുന്നല്ലോ, അവർക്ക് ചില പ്രശ്‌നങ്ങളുണ്ട്, കിഡ്‌നി അങ്ങനെ കൊടുത്തുകൂടായെന്ന്. ചിലപ്പോൾ അവരുടെ നല്ല മനസു കൊണ്ടു പറഞ്ഞതാകാം. എന്തായാലും എന്റെ വരുമാനം അതോടെ നിന്നു'- സേതുലക്ഷ്‌മി വ്യക്തമാക്കുന്നു.