crime

കോട്ടയം: അയർക്കുന്നത്ത് പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ പ്രതി വശത്താക്കിയത് പിതാവിനെ കൂട്ടുപിടിച്ച്. ടിപ്പർ ലോറി ഡ്രൈവറായ മാലം ചേലക്കുന്നേൽ അജേഷ് (31) വിദേശ മദ്യ കുപ്പിയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി പിതാവിനെ സന്തോഷിപ്പിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് അജേഷുമായി പ്രേമം തുടങ്ങിയതും. മൊബൈൽ ഫോൺ വഴി സംഭാഷണം ആരംഭിച്ചതും. പക്ഷേ, അജേഷിന്റെ ദുഷ്ടലാക്ക് പെൺകുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.

പെൺകുട്ടിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അതിനുമുമ്പേ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്ന് എത്തിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഈസ്റ്റ് സി.ഐ ടി.ആർ.ജിജു പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതാവുന്നത്. അയർക്കുന്നം നീറിക്കാടിന് സമീപത്തെ വാഴത്തോട്ടത്തിൽ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ സംസ്‌കരിച്ചു.

റിമാൻഡിലായ അജേഷിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അപേക്ഷ നൽകും. അജേഷ് താമസിച്ചിരുന്ന ഇഷ്ടിക കളത്തിലെ മുറിയിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഇന്നലെ വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും പരിശോധന നടത്തി. അജേഷിന്റെ മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർക്കുന്നം എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.