ksrtc

തിരുവനന്തപുരം : തലസ്ഥാനത്ത് നിന്നും കൊച്ചിയിലേക്ക് അതിവേഗ ബസ് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിയുടെ പദ്ധതി. ഇതിനായി ഇലക്ട്രിക് ബസുകളാണ് ഉപയോഗിക്കുന്നതെന്നതാണ് പ്രത്യേകത. പൊതുഗതാഗത രംഗത്തെ പുത്തൻ മാറ്റത്തിന് കളമൊരുക്കുന്നതിനൊപ്പം ജനപ്രിയമായ സർവീസും ലക്ഷ്യമിടുകയാണ് കെ.എസ്.ആർ.ടി.സി. ട്രെയിൻ യാത്രക്കാരെ ലക്ഷ്യമിട്ടാണ് തിരുവനന്തപുരം എറണാകുളം സർവീസ് ആരംഭിക്കുന്നത്. അഞ്ച് സ്റ്റോപ്പുകളിൽ മാത്രമാണ് തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെയുള്ള യാത്രയ്ക്കിടയിൽ ഈ സർവീസിന് സ്റ്റോപ് അനുവദിച്ചിട്ടുള്ളു.

ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി അഞ്ച് ഇലക്ട്രിക് എ സി ബസുകൾ ഓടിച്ചിരുന്നു. ഈ സർവീസുകൾ വൻ വിജയമായിരുന്നു. ലോഫ്‌ളോർ ഡീസൽ എ. സി ബസുകൾക്ക് കിലോമീറ്ററിന് 31 രൂപയോളം ഇന്ധനത്തിനായി ചെലവാകുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് ആറു രൂപ മാത്രമാണ് വേണ്ടിവരുന്നത്. അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് ഈ ബസിന്റെ പ്രത്യേകത. സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്ന് പോകുന്നതിനാൽ സ്വന്തമായി വാങ്ങാതെ ദീർഘനാളത്തേയ്ക്ക് വാടകയ്‌ക്കെടുത്ത ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്.