nk-premachandran

കൊല്ലം: എൻ.കെ.പ്രേമചന്ദ്രൻ എം.പി ബി.ജെ.പിയുമായി അടുക്കുന്നതായുള്ള പ്രാചരണം തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ദോഷം ചെയ്യുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം. പാർട്ടി വേദികളിൽ ഈ ചർച്ച ഔദ്യോഗികമായി ഉയർന്നില്ലെങ്കിലും കൊല്ലത്ത് രണ്ടുദിവസം നടന്ന എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് സംസ്ഥാന സമ്മേളന സ്ഥലത്തുണ്ടായിരുന്ന ജില്ലയിലെ സി.പി.എം നേതാക്കളിൽ ചിലർ ഈ വിഷയമാണ് സ്വകാര്യമായി ചർച്ച ചെയ്‌തത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണും രണ്ട് ദിവസങ്ങളിലായി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

കൊല്ലം ബൈപ്പാസ് ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഉയർന്ന നാടകീയ സംഭവങ്ങൾ വോട്ടാക്കി മാറ്റാനുള്ള പ്രേമചന്ദ്രന്റെ കൗശലത്തെ കുറച്ച് കാണരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. 2014ലെ ഒരു പൊതുസമ്മേളനത്തിൽ പിണറായി വിജയൻ പ്രേമചന്ദ്രനെതിരെ നടത്തിയ വിവാദ പരാമർശം മറക്കരുതെന്ന് ചില മുതിർന്ന നേതാക്കൾ ഓർമ്മിപ്പിക്കുന്നു. അന്ന് ശക്തമായ മത്സരത്തിൽ നിന്ന് പ്രേമചന്ദ്രന്റെ വിജയത്തിന് വഴിത്തിരിവായത് ഈ പ്രയോഗമായിരുന്നുവെന്ന് തോറ്റ സ്ഥാനാർത്ഥിയായ എം.എ.ബേബി ചില സ്വകാര്യ വേദികളിൽ പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞത് അന്നത്തെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനായതിനാൽ തിരഞ്ഞ‍ടുപ്പ് റിവ്യൂവിൽ ഇത് സംബന്ധിച്ച ചർച്ചകളും നടന്നിരുന്നില്ല.

പ്രേമചന്ദ്രനെ 'സംഘിയാക്കിയത്' തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യും: സി.പി.എമ്മിൽ ഭിന്നത രൂക്ഷം. ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

കാലേക്കൂട്ടി ആർ.എസ്.പി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രേമചന്ദ്രന് ആരോപണങ്ങൾക്ക് മറുപടി പറയാനും യഥേഷ്‌ടം സമയം കിട്ടുന്നതായും പാർട്ടിയിൽ സംസാരമുണ്ട്. എന്നാൽ ആരോപണങ്ങൾ പ്രേമചന്ദ്രനെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹത്തിന്റെ ചില ന്യൂനപക്ഷ പോക്കറ്റുകളിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞെന്നും മറുവിഭാഗം ആശ്വസിക്കുന്നു.