novel

രാഹുൽ ഫോൺ കിടക്കയിലേക്കിട്ടു. ആ സെക്കന്റിൽ വീണ്ടും അത് ശബ്ദിച്ചു.
അവൻ എടുത്തു നോക്കി.
ഏതോ കൊയിൻ ബൂത്തിന്റെ നമ്പർ. അറ്റന്റു ചെയ്തു.


''ഞാനാ.. ഞാനിങ്ങെത്തി...' സ്പാനർ മൂസയുടെ പതിഞ്ഞ ശബ്ദം.
''കാര്യങ്ങൾ ഭംഗിയായല്ലോ. അല്ലേ?'
''ആയി. പക്ഷേ....'
മൂസ പെട്ടെന്നു നിർത്തി.


രാഹുലിന്റെ പുരികം ചുളിഞ്ഞു.
''എന്താ?'
''രഹസ്യമായി ഒരു വിവരം കിട്ടി. പിങ്ക് പോലീസ് എസ്.ഐ വിജയയെ കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തിട്ടുണ്ടെന്ന്...'
''ങ്‌ഹേ?'


ശിരസ്സിൽ ഒരാഘാതമേറ്റതു പോലെ രാഹുൽ പിടഞ്ഞുപോയി.
അപ്പോൾ ഗ്രിഗറി..?'
''വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.


അവർ ആരും തന്നെ...'
രാഹുലിന്റെ നെറ്റിയിൽ ഞരമ്പുകൾ ചിലന്തിക്കാലുകൾ പോലെ പിടച്ചുപൊങ്ങി.
''എങ്കിൽ ഇനി അവരെ വിളിക്കണ്ടാ. അത് അപകടമാകും..'


പറഞ്ഞിട്ട് അവൻ കാൾ മുറിച്ചു.
ആ സമയത്ത് കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ വിജയയ്ക്കരുകിൽ ഉണ്ടായിരുന്നു അമ്മ മാലിനി.
അവരുടെ കണ്ണീർ ഇനിയും വറ്റിയിരുന്നില്ല.


പെട്ടെന്ന് 'റെഡ് ഗ്രൂപ്പിലെ എസ്.ഐമാർ കടന്നുവന്നു.
മലിനി എഴുന്നേറ്റ് ഒതുങ്ങിനിന്നു.


എസ്.ഐമാർ വിജയയുടെ മുറിയിലെ ബൈസ്റ്റാന്റർക്കുള്ള കിടക്കയിലിരുന്നു.
''അമ്മ അല്പനേരം ഒന്നു പുറത്തു നിൽക്കുമോ?'
ആർജവ്, മാലിനിയെ നോക്കി.


തലയാട്ടിക്കൊണ്ട് മാലിനി പുറത്തേക്കു പോയി.


''ഞങ്ങൾ പറഞ്ഞതു പോലെന്നയല്ലേ വിജയ പോലീസിനു മൊഴി കൊടുത്തത്?' ബിന്ദുലാൽ തിരക്കി.
''അതെ. അവൾ തലയാട്ടി.' പിന്നെ ഒന്നു തേങ്ങി. ''അനൂപേട്ടൻ..'


''കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കരുതെന്നു പറയുന്നില്ല. പക്ഷേ സ്പാനർ മൂസ. അവനെ ഞങ്ങൾ കണ്ടെത്തി കൊത്തിയരിഞ്ഞിരിക്കും.'
ബഞ്ചമിന്റെ കടപ്പല്ലു ഞെരിഞ്ഞു.


''റാന്നിയിൽ കിടക്കുന്ന ബോഡികൾ...' വിജയ പകുതിക്കു നിർത്തി.
''അത് ആ തോട്ടം സൂക്ഷിപ്പുകാരൻ നോക്കിക്കോളും.'


ആ നേരത്ത് റാന്നിയിൽ
കൈകൾ തലയിൽ താങ്ങി ചിന്തിച്ചിരിക്കുകയായിരുന്നു നടരാജൻ.


അകത്ത് ഒതുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ തന്റെ നാശത്തിനാണ് എന്ന് അയാൾക്കറിയാം.


ഏത് നേരത്താണ് അവന്മാരെ ഇവിടെ കയറ്റി താമസിപ്പിക്കാൻ തോന്നിയതെന്ന് സ്വയം ശപിച്ചുകൊണ്ടിരുന്നു അയാൾ.
താൻ പോലീസിൽ വിവരം അറിയിച്ചാലോ പോലീസ് ഇവിടെയെത്തി ശവശരീരങ്ങൾ കണ്ടെത്തിയാലോ തന്റെ കാര്യം തീർന്നു!
അയാൾ കെട്ടിടത്തിൽ നിന്നിറങ്ങി ആറ്റുതീരത്ത് എത്തി.


അവിടെ കെട്ടിയിട്ട നിലയിൽ ചെറിയ വള്ളം കിടപ്പുണ്ട്.
നദിയിൽ വേണ്ടത്ര വെള്ളവും ഉണ്ട്.
എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെ അയാൾ മടങ്ങി.


രാത്രി
നടരാജൻ ഗ്രിഗറിയുടെയും മറ്റും മൃതദേഹങ്ങൾ അറുത്തുതാഴെയിട്ടു. അവയ്ക്ക് നേരിയ തോതിൽ ദുർഗന്ധം വമിക്കാൻ തുടങ്ങിയിരുന്നു.
ഓരോ മൃതദേഹങ്ങളായി അയാൾ വലിച്ചിഴച്ച് ആറ്റുതീരത്ത് എത്തിച്ചു.
പിന്നെ വഞ്ചിയിൽ കയറ്റി.


നേർത്ത നാട്ടുവെളിച്ചത്തിൽ താഴേക്ക് തുഴഞ്ഞുപോയി.
കയം ഉണ്ടെന്നു തോന്നിയ ഭാഗത്ത് വെള്ളത്തിലേക്ക് ശവങ്ങൾ വലിച്ചിട്ടു.
ശേഷം കൈക്കുമ്പിളിൽ വെള്ളം കോരി മുഖം കഴുകുകയും കുറച്ച് കുടിക്കുകയും ചെയ്തു..


തിരുവനന്തപുരം..
മുറയിലിരുന്ന് മദ്യപിക്കുകയായിരുന്നു രാഹുൽ.


അതുകണ്ട് മകനെ ഒന്നു തുറിച്ചുനോക്കിയിട്ട് സാവത്രി ഇറങ്ങിപ്പോയി.
അല്പം കഴിഞ്ഞപ്പോൾ ആരോ വാതിലിൽ മുട്ടി.


'യേസ്. കമിൻ'


മുഖംതിരിക്കാതെ രാഹുൽ പറഞ്ഞു.
മുറിയിലേക്ക് ആദ്യം കടന്നുവന്നത് വിലകൂടിയ പെർഫ്യൂവിന്റെ ഗന്ധമാണ്.
അത്ഭുതത്തോടെ രാഹുൽ തിരിഞ്ഞു.


അതിസുന്ദരിയായ ഒരു വിദേശ യുവതി..
ചന്ദനത്തിന്റെ നിറവും സ്വർണ തലമുടിയും.
കടുത്ത ചുവപ്പു ചായമിട്ട ചുണ്ടുകൾ..


ഇറുകിയ നീല ജീൻസും വെള്ള ടീഷർട്ടും വേഷം.


മാറിടങ്ങളുടെ നിഴലുകൾ അപ്പാടെ പുറത്തുകാണാമായിരുന്നു.
കഴുത്തിൽ സ്വർണ പാമ്പിനെപ്പോലെ ഒരു കുഞ്ഞുമാല ചുറ്റിക്കിടക്കുന്നു.
'ആരാ?'


രാഹുൽ പെട്ടെന്ന് എഴുന്നേറ്റു.


ഞാൻ മരിയ.. മരിയ ഫെർണ്ണാണ്ടസ്.


പുഞ്ചിരിച്ചുകൊണ്ട് അവൾ നല്ല മലയാളത്തിൽ പറഞ്ഞു.
ശേഷം വാതിലടച്ച് ലോക്കിട്ടു. (തുടരും)