പള്ളിക്കത്തോട്: പള്ളിക്കത്തോടിൽ തമിഴ്നാട് സ്വദേശി അപായപ്പെടുത്താൻ ശ്രമിച്ച സ്‌കൂൾ വിദ്യാർത്ഥിക്ക് രക്ഷകനായെത്തിയത് ജിംസൺ. കഴിഞ്ഞ ദിവസം വെെകുന്നേരമാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശി റബ്ബർ തോട്ടത്തിലേക്ക് വലിച്ചു കൊണ്ടുപോയി വിദ്യാർത്ഥിനിയെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജിംസൺ സാഹസികമായാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
ചെങ്ങളത്തു ഫർണിച്ചർ വ്യാപാരിയായ ജിംസൺ സുഹൃത്തിനെ വീട്ടിൽ വിടാൻ സ്‌കൂട്ടറിൽ പോകുമ്പോഴാണ് സംഭവം. പള്ളിയിൽ പോയി മടങ്ങിയ വിദ്യാർത്ഥിനി വീട്ടിലേക്ക് തനിച്ച് നടക്കുമ്പോഴാണ് പ്രതി തോട്ടത്തിലേക്കു വലിച്ചുകയറ്റിയത്. ഈ വഴി വന്ന ജിംസൺ നിലവിളി കേട്ട് സ്‌കൂട്ടർ നിർത്തി നോക്കുമ്പേഴേക്കും പ്രതി ഓടി. പിന്നാലെ ഓടി ഇയാളെ ജിംസൺ കീഴടക്കി.
തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപിച്ചു. അറസ്റ്റിലായ മാർത്താണ്ഡം സ്വദേശി പ്രിൻസ്‌കുമാറിനെ (38) റിമാൻഡ് ചെയ്‌തു. ഇയാളുടെ പോക്കറ്റിൽ നിന്നു ബ്ലേഡ് കണ്ടെടുത്തു. ജിംസൺ നടത്തിയ സാഹസിക ശ്രമമാണ് വിദ്യാർത്ഥിനിക്കു തുണയായത്. ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക ജിംസണെ അനുമോദിച്ചു. ചെങ്ങളം മുതുകുന്നേൽ പാത്തിക്കൽ സ്വദേശിയാണ് ജിംസൺ ജോസഫ്.