boat

കൊച്ചി: ബോട്ടിലെ ഇരുണ്ട അറയിൽ മരണത്തെ മുഖാമുഖം കണ്ട് 27 ദിവസത്തെ കടൽയാത്ര, കര പറ്റിയാലും തീരാത്ത പ്രതിസന്ധികൾ.. അനുഭവിക്കേണ്ട യാതനകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എങ്കിലും മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചാണ് മുനമ്പത്ത് നിന്ന് 200ഓളം പേർ ആസ്‌ട്രേലിയയിലേക്ക് അനധികൃത മാർഗത്തിൽ യാത്ര തിരിച്ചത്.

സമാന രീതിയിൽ ആസ്‌ട്രേലിയയിലെത്തി ആഢംബര ജീവിതം നയിക്കുന്ന ബന്ധുക്കളാണ് ഇവർക്ക് സാഹസിക യാത്രയ്ക്ക് പ്രചോദനമായതത്രേ. പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളമുള്ള ജോലി കിട്ടുമെന്ന വാഗ്ദാനവും ഇവരെ ഏത് മാർഗവും കടൽ കടക്കാൻ പ്രേരിപ്പിച്ചു. വീടും സ്വർണാഭരണങ്ങളും വിറ്റാണ് ഇവരിൽ

പലരും മനുഷ്യക്കടത്ത് സംഘത്തിന് പണം നൽകിയത്.

മുനമ്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തിൽ ആറ് കോടിയുടെ ഇടപാടാണ് നടന്നതെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം 'ഫ്ളാഷ്' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഓരോരുത്തരും ഒന്നരലക്ഷം രൂപയാണത്രേ മുൻകൂറായി നൽകിയത്. കുടുംബസമേതമാണ് പലരും ആസ്‌ട്രേലിയയിലേക്ക് പോയത്.

മനുഷ്യക്കടത്തിലെ സൂത്രധാരൻ ശ്രീലങ്കൻ സ്വദേശി ശ്രീകാന്തനും ഡൽഹി സ്വദേശിയായ രവീന്ദ്രനും ഇവർക്കൊപ്പം ബോട്ടിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മത്സ്യബന്ധനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശ്രീകാന്ത് മനുഷ്യക്കടത്തിനായി ബോട്ട് വാങ്ങാൻ പങ്കാളിയാക്കിയതെന്ന് സഹഉടമ അനിൽകുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞദിവസം ഡൽഹി അംബേദ്കർ നഗർ കോളനിയിൽ കേരള പൊലീസ് നടത്തിയ റെയ്ഡിൽ വിദേശത്തേക്ക് കടന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

5 വർഷം, മരിച്ചത് 862പേർ

ആസ്‌ട്രേലിയയിലേക്ക് അനധികൃത കുടിയേറ്റത്തിനായി കടലിലൂടെ ബോട്ടിൽ പോകവേ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അപകടത്തിൽപെട്ട് മരിച്ചത് 862 പേർ. ആസ്‌ട്രേലിയൻ അഭയാർത്ഥി കൗൺസിലിന്റെ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന കാര്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു പടി മുന്നിലാണ് ആസ്‌ട്രേലിയ.

കുറച്ചുവർഷത്തിനിടെ 51,637 പേർ ആസ്‌ട്രേലിയയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി അഭയാർത്ഥികളായി എത്തിയിട്ടുണ്ടെന്നാണ് കണക്ക്. 201213 കാലഘട്ടത്തിലാണ് ഏറ്റവുമധികം അഭയാർത്ഥികളുടെ ഒഴുക്കുണ്ടായത്. അന്ന് 20,000 പേരാണ് ബോട്ട് മാർഗം ആസ്‌ട്രേലിയയിലെത്തിയത്. ഇവരിൽ പകുതിപ്പേർക്ക് ആസ്‌ട്രേലിയൻ ഭരണകൂടം പൗരത്വം നൽകി.

ചില വിവരങ്ങൾ ലഭിച്ചു

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യങ്ങൾ പുറത്ത് വിടാനാവില്ല. വരുംദിവസങ്ങളിൽ ചിത്രം വ്യക്തമാകും.

ഡിവൈ.എസ്.പി സോജൻ, അന്വേഷണ സംഘത്തലവൻ