തിരുവനന്തപുരം: ചാനലുകളുടെ രാഷ്ട്രീയ ചർച്ചകൾ ബഹിഷ്കരിക്കാനുള്ള ബി.ജെ.പി തീരുമാനത്തെച്ചൊല്ലി പാർട്ടിയിൽ തർക്കം മുറുകുന്നു. പാർട്ടി തീരുമാനം വകവയ്ക്കാതെ കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന കമ്മിറ്രി അംഗം പി.കൃഷ്ണദാസിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് വിവാദം കത്തിപ്പടരുന്നത്. ചർച്ച ബഹിഷ്കരിക്കണമെന്നാവശ്യപ്പെടുന്നവരും ഇത് അപ്രായോഗികവും ശരിയല്ലെന്നുമഭിപ്രായപ്പെടുന്നവരും തമ്മിലാണ് തർക്കം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ വാർത്താസമ്മേളനം തിരുവനന്തപുരത്തും ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാർത്താ സമ്മേളനം കോഴിക്കോട്ടും ഭൂരിഭാഗം മാദ്ധ്യമ പ്രവർത്തരും ബഹിഷ്കരിച്ചതിനെ തുടർന്നാണ് ചാനൽ ചർച്ചകളിൽ ബി.ജെ.പി പ്രതിനിധികൾ പങ്കെടുക്കേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചത്. ഇതേത്തുടർന്ന് കുറച്ചുദിവസങ്ങളായി , ബി.ജെ.പി അനുകൂല ചാനലൊഴികെയുള്ളവയുടെ ചർച്ചകളിൽ പാർട്ടി നേതാക്കൾ പങ്കെടുക്കുന്നുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ പങ്കെടുത്തതിനാണ് യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന സമിതി അംഗവും ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്റെ സ്റ്രാൻഡിംഗ് കൗൺസലുമായ പി. കൃഷ്ണദാസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. യാതൊരു വിശദീകരണവും കൂടാതെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഒരഭിഭാഷകൻ എന്ന നിലയിലാണ് പങ്കെടുത്തതെന്നും അക്കാര്യം അവതാരകൻ എടുത്തുപറഞ്ഞിട്ടുണെന്നും പാർട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിട്ടും മുൻവിധിയോടെ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് നടപടിയെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലെ അഭിഭാഷകൻ കൂടിയാണ് കൃഷ്ണദാസ്. ശബരിമല കേസിൽ സുരേന്ദ്രനെ അറസ്റ്ര് ചെയ്ത് ജയിലിടച്ചപ്പോൾ ജാമ്യമെടുക്കാനും മറ്രും മുന്നിൽ നിന്നത് കൃഷ്ണദാസായിരുന്നു. ഇതാണ് നടപടി ഗ്രൂപ്പടിസ്ഥാനത്തിലാണ് എന്ന ആരോപണമുയർത്തിയത്.
തന്റെ രാഷ്ട്രീയ ഗുരുവെന്ന് ശ്രീധരൻ പിള്ള എപ്പോഴും വിശേഷിപ്പിക്കുന്ന ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.രാമൻപിള്ളയും കഴിഞ്ഞ ദിവസം ഇതേ ചാനൽ ചർച്ചയിൽ പങ്കെടുത്തിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്താണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കൃഷ്ണദാസിന്റെ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പിള്ളയുടെ സസ്പെൻഷൻ ആവശ്യപ്പെടുമെന്നും ഇവർ പറഞ്ഞു.
അതേസമയം ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നത് മണ്ടൻ തീരുമാനമെന്നാണ് പാർട്ടിയിലെ വലിയൊരുവിഭാഗത്തിന്റെ അഭിപ്രായം. ബി.ജെ.പി പ്രതിനിധികൾ ബഹിഷ്കരിക്കുമ്പോൾ തന്നെ ബി.ജെ.പിയുടെ ഭാഗം പറയാൻ ഹിന്ദു ഐക്യവേദിയുടെയും ശബരിമല കർമ്മസമിതിയുടെയും പ്രവർത്തകർ ചാനൽചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ഇതോടെ ബഹിഷ്കരണം ഫലത്തിൽ ഇല്ലാതാവുകയാണന്നും ഇവർ പറയുന്നു.